the-tiger

ജനീവ : സ്വിറ്റ്സർലൻഡിൽ സന്ദർശകരുടെയും ജീവനക്കാരുടെയും കൺമുന്നിൽ സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. സൂറിച്ച് മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതർ ചേർന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും തത്ക്ഷണം മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടം. കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

2015ൽ ഡെൻമാർക്കിലെ ഒരു മൃഗശാലയിൽ ജനിച്ച ഐറിന എന്ന കടുവയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷമാണ് ഈ കടുവയെ സൂറിച്ച് മൃഗശാലയിലെത്തിച്ചത്. ആക്രമണം നേരിട്ട് കണ്ട് പരിഭ്രാന്തരായ സന്ദർശകർക്ക് അധികൃതർ കൗൺസിലിംഗ് നൽകി. സൂറിച്ച് മൃഗശാലയിൽ അതാദ്യമായല്ല ജീവനക്കാരെ മൃഗങ്ങൾ ആക്രമിക്കുന്നത്. 2019 ഡിസംബറിൽ കൂട് വൃത്തിയാക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കൈയ്യിൽ മുതല കടിച്ചിരുന്നു. ഒടുവിൽ മുതലയെ വെടിവച്ചാണ് ജീവനക്കാരനെ രക്ഷിച്ചത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് സൂറിച്ച് മൃഗശാല സന്ദർശകർക്കായി തുറന്നു കൊടുത്തത്.