sreeja-neyyatinkara

തിരുവനന്തപുരം: പാലത്തായി പോക്സോ കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ കെ. പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറോട് കത്തിലൂടെ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. പത്മരാജനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും പ്രതിയെ യാതൊരു തരത്തിലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ശ്രീജ തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നു. നീതി നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ശ്രീജ നെയ്യാറ്റിൻകര ആരോഗ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

കത്തിന്റെ പൂർണരൂപം ചുവടെ:

'പത്മരാജൻ കേസിൽ 9 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരു ശ്രമം കൂടെ നടത്തുകയാണ്

ശൈലജ ടീച്ചർക്ക് ഏറെ പ്രതീക്ഷയോടെ ഒരു കത്ത്.

സ്വീകർത്താവ്

ശ്രീമതി. ശൈലജ ടീച്ചർ
ആരോഗ്യ വകുപ്പ്
ഗവ.സെക്രട്ടറിയേറ്റ്
തിരുവനന്തപുരം.

വിഷയം:- ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പോക്സോ കേസ്

ബഹുമാന്യയായ ശൈലജ ടീച്ചറിന്,

ലോകം മുഴുവൻ പടർന്നു പിടിച്ച മഹാരോഗത്തെ ചെറുത്തു നിൽക്കാൻ കേരളീയരെ പ്രാപ്തരാക്കുന്നതിൽ ഉത്തരവാദപ്പെട്ട വകുപ്പ് മന്ത്രി എന്ന നിലയിൽ താങ്കളുടെ പ്രവർത്തനം ശ്ലാഘനീയമാണ്. എന്നാൽ നമ്മുടെ കേരളത്തിൽ ഏറെ വിവാദം ഉണ്ടാകുകയും ഒടുവിൽ താങ്കളുടെ ജാഗ്രതയുടെ ഫലമായി പൊലീസ് അറസ്റ്റ് ചെയ്യേണ്ടി വന്നതുമായ സംഭവമാണ് കണ്ണൂർ പാലത്തായിലെ ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പോക്സോ കേസ്.

നിലവിലെ സാഹചര്യത്തിൽ 81 ദിവസങ്ങൾ പിന്നിടുകയാണ് 9 ദിവസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ പോക്സോ കേസ് പ്രതികൾക്ക് ജാമ്യം കിട്ടാൻ നിയമപരമായ അവകാശം ഉണ്ട്.

പ്രാഥമികാന്വേഷണം എന്ന നിലയിൽ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത ക്രൈം ബ്രാഞ്ച് വരുന്ന ഒൻപതു ദിവസങ്ങൾക്കുള്ളിൽ എങ്ങനെ കുറ്റപത്രം സമർപ്പിക്കും എന്ന സംശയം ബാക്കി നിൽക്കുകയാണ് മൊഴി എടുക്കാൻ കുട്ടിയുടെ പീഡനം ഏൽപ്പിച്ച മാനസിക ആഘാതം കാരണം സാധാരണ നിലയിൽ ആയിട്ടില്ല എന്ന് പറയുന്ന ക്രൈം ബ്രാഞ്ച് കുട്ടിയെ തിരിച്ചു കൊണ്ടു വരാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് പറയുന്നു.

പ്രതി പത്മരാജൻ കുട്ടിയെ കൈമാറി എന്ന മാതാവിന്റെ മറ്റൊരു പരാതി കൂടിയുണ്ട്. ആ പരാതിയിന്മേൽ എഫ് ഐ ആർ എടുത്തിട്ടില്ല. പ്രസ്തുത എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചാൽ കുട്ടിയെ കൈമാറിയ പത്മരാജന് ജാമ്യം നിഷേധിക്കുവാനുള്ള സാധ്യത ഉള്ളത് മറികടക്കുവാനും ഒപ്പം പത്മരാജനെ രക്ഷിക്കാനുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗവുമാണിതെന്നു മനസ്സിലാക്കുന്നു. കേസ് അട്ടിമറിക്കുന്നതിന് ആദ്യമേ തന്നെ ശ്രമം നടക്കുന്നതായി ആരോപണം ഉള്ള ഒരു കേസ് ആണിത്.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം താങ്കളുടെ വകുപ്പിൽ ഉൾപ്പെടുന്നതായതിനാലും ഒപ്പം ഈ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇടപെട്ടതിനാലും അതിലുപരി പീഡിപ്പിക്കപ്പെട്ട ഒരു ബാലികയുടെ അമ്മയുടെ വികാരങ്ങളും വേദനകളും ഒരു സ്ത്രീ എന്ന നിലയിൽ മനസിലാകും എന്നും പ്രതിയെ യാതൊരു തരത്തിലും രക്ഷപെടാൻ അനുവദിക്കരുതെന്നും അതുകൊണ്ടു തന്നെ നീതി നടപ്പിലാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും താൽപര്യപ്പെടുന്നു.

ആദരപൂർവം,
ശ്രീജ നെയ്യാറ്റിൻകര.'