ലണ്ടൻ: കൊവിഡ് വ്യാപനത്തെത്തുടർന്ന് നാല് മാസത്തോളം നിലച്ച ക്രിക്കറ്രാരവങ്ങൾ നാളെമുതൽ വീണ്ടും ഉയരും. ഇംഗ്ലണ്ടും വെസ്റ്രിൻഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് സതാംപ്ടണിലെ റോസ്ബൗൾ ക്രിക്കറ്റ് സ്റ്രേഡിയത്തിൽ നാളെ ഉച്ചയ്ക്ക് തുടക്കമാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്രേഡിയത്തിലാകും മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ സോണി സിക്സിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ട്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ജോ റൂട്ടിന്റെ അഭാവത്തിൽ സൂപ്പർതാരം ബെൻ സ്റ്രോക്ക്സാണ് ഇംഗ്ലണ്ടിന്റെ ക്യാപ്ടൻ. ജാസൺ ഹോൾഡറുടെ നേതൃത്വത്തിലാണ് വെസ്റ്രിൻഡീസ് കളത്തിലിറങ്ങുന്നത്. ലോക ടെസ്റ്ര് ചാമ്പ്യൻഷിപ്പിൽ 140 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് 180 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ന്യൂസീലൻഡിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വെസ്റ്റിൻഡീസിനെ നേരിടാനൊരുങ്ങുന്നത്. വെസ്റ്റിൻഡീസ് ഇതുവരെ പോയിന്റ് നേടിയിട്ടില്ല.