മഞ്ചേരി: ചാരിത്ര്യശുദ്ധിയിൽ സംശയം തോന്നി മഴുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയൻ പൂലാട്ട് ഉലാം അലിയെയാണ് (54) ജഡ്ജി എം. അഹമ്മദ് കോയ ശിക്ഷിച്ചത്. 2017 നവംബർ 22ന് വൈകിട്ട് അഞ്ചരയ്ക്കാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യയും ആക്കപ്പറമ്പ് മേൽമുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകളുമായ ഖദീജ (41) ആണ് കൊല്ലപ്പെട്ടത്.
ഏഴു മക്കളുള്ള ദമ്പതികൾക്കിടയിൽ വഴക്ക് പതിവായിരുന്നു. ഇരുകുടുംബങ്ങളും വഴക്ക് തീർക്കാനായി പലതവണ അനുരഞ്ജന ചർച്ചകൾ നടത്തി. സംഭവദിവസം വഴക്ക് രൂക്ഷമാവുകയും മാനസിക അസ്വാസ്ഥ്യമുള്ള പ്രതി കദീജയെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടർന്ന പ്രതി വീടിനടുത്തുള്ള പറമ്പിൽ വച്ച് മഴുകൊണ്ട് അടിക്കുകയായിരുന്നു. തലയോട്ടി പിളർന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ഖദീജയുടെ സഹോദരനും മദ്രസ അദ്ധ്യാപകനുമായ കുഴിമണ്ണ മുതീരി അലി (52) ആയിരുന്നു ഒന്നാം സാക്ഷി. ഖദീജയുടെ ഏഴ്, ഒമ്പത് വയസ് പ്രായമുള്ള മക്കളും അയൽവാസികളായ മൂന്നുപേരുമാണ് സംഭവത്തിലെ ദൃക്സാക്ഷികൾ. 42 സാക്ഷികളിൽ 23 പേരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു കോടതി മുമ്പാകെ വിസ്തരിച്ചു. പാലക്കാട് ജില്ലാ ജയിലിലായിരുന്ന പ്രതിയെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.