സംവിധായിക വിധു വിൻസന്റ് ഡബ്ല്യു.സി.സിയിൽ നിന്ന് പുറത്തുപോയതുമായതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വന്നുകൊണ്ടിരിക്കെ താൻ സംഘടനയ്‌ക്കൊപ്പമെന്ന് പരോക്ഷമായി പറഞ്ഞ് നടി പാർവതി തിരുവോത്ത്. ഡബ്ല്യു.സി.സി എന്ന് എഴുതിയ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയത്.
'ശീതകാലത്തിന്റെ തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്‌പ്പെടുത്താനാകാത്ത വേനലിനെ ഞാൻ കണ്ടെത്തിയത്. ഇത് എന്നിൽ സന്തോഷം നിറയ്ക്കുന്നു. ലോകം മുഴുവൻ എന്നെ തളർത്താൻ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളിൽ ഉണ്ട്. എന്തിനോടും പൊരുതാൻ ശക്തിയുള്ള ഒന്ന്' എന്ന ആൽബർട്ട് കാമ്യുവിന്റെ വരികളും നടി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. കൂടാത കവർ ഡബ്ല്യു.സി.സിയുടെ ചിത്രം താരം കവർ ഫോട്ടോയാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ചില കമന്റുകൾക്കും നടി മറുപടി നൽകിയിട്ടുണ്ട്. 'ഇവിടെ വേർതിരിവൊന്നുമില്ല. എല്ലായ്‌പ്പോഴും ബഹുമാനത്തോടും സുതാര്യതയോടും കൂടെയുണ്ടാകുന്ന എന്റെ കൂട്ടായ്മയ്‌ക്കൊപ്പം നിൽക്കുന്നു. ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഞങ്ങൾ എല്ലാവരോടും ബഹുമാനത്തോടും മാന്യതയോടും പെരുമാറുന്നു. അത് നമ്മുടെ പെരുമാറ്റത്തിൽ കാണിക്കും.ഞങ്ങൾക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ല'-പാർവതി കുറിച്ചു.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സംവിധായിക വിധു വിൻസന്റ് സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ആരാധകരെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാലാണ് സംഘടനയിൽ നിന്ന് പിന്മാറുന്നതെന്ന് സംവിധായിക കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ റിമ കല്ലിങ്കൽ ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനവും സംവിധായിക ഉന്നയിച്ചിരുന്നു.
മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംഘടനയുടെ നിലപാട് വിശദീകരിച്ചിരുന്നത് വിധു വിൻസന്റായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് 2018ൽ ഡബ്ല്യു.സി.സി രൂപീകരിച്ചത്.