arrest

ചണ്ഡി​ഗഡ്: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാരന്റെ കൈയിൽ എഴുതിയിരുന്ന നമ്പർ പിന്തുടർന്ന അന്വേഷണ സംഘം അക്രമികളെ പിടികൂടി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് സംഭവം. കേസിൽ അഞ്ചുപേരാണ് പിടിയിലായത്.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പൊലീസുകാരിൽ ഒരാളായ രവീന്ദർസിംഗ് എന്ന ഇരുപത്തെട്ടുകാരന്റെ കൈയിലാണ് അക്രമികൾ എത്തിയ കാറിന്റെ രജിസ്ട്രേഷൻ നമ്പർ കുറിച്ചിരുന്നത്. കൊല്ലപ്പെടുംമുമ്പ് രവീന്ദർസിംഗ് തന്നെയാണ് നമ്പർ കൈയിൽ കുറിച്ചത് എന്നാണ് കരുതുന്നത്.

രണ്ടുപൊലീസുകാർ ക്രൂരമായി കൊല്ലപ്പെടാനിടയാക്കിയ സംഭവത്തിൽ ആരാണ് പ്രതികളെന്ന് പൊലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് പോസ്റ്റ്മോർട്ടത്തിനിടെ ഡോക്ടർമാർ രവീന്ദർ സിംഗിന്റെ കൈയിൽ എഴുതിയിരുന്ന നമ്പർ ശ്രദ്ധിച്ചത്.നേരത്തേ മൃതദേഹ പരിശോധന നടത്തിയെങ്കിലും പൊലീസ് ഇത് കണ്ടിരുന്നില്ല.

ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് ഇതെന്ന് വ്യക്തമായതോടെ അന്വേഷണം ആ വഴിയ്ക്കായി. അധികം വൈകാതെ പ്രതികളെ പിടികൂടുകയും ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രവീന്ദർ സിംഗും കാപ്താൻ സിംഗും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.

കർഫ്യൂ പ്രഖ്യാപിച്ചിരുന്ന ബുട്ടാന പൊലീസ് സ്റ്റേഷന് സമീപമു‌ള‌ള സോനിപത്-ജിന്ദ് റോഡിൽ കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന അക്രമി സംഘത്തെ രവീന്ദർസിംഗും കാപ്താൻ സിംഗും ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഇവർ കാറിൽ രക്ഷപ്പെടുകയായിരുന്നു. മരണാനന്തര പൊലീസ് മെഡലിന് രവീന്ദർ സിംഗിന്റെ പേര് ശുപാർശ ചെയ്യുമെന്ന് ഹരിയാന പൊലീസ് മേധാവി അറിയിച്ചു.