തിരുവനന്തപുരം: വിവാദ നായിക സ്വപ്‌ന സുരേഷ് സ്വർണക്കടത്ത് തുടങ്ങിയത് ജനുവരിയിലെന്ന് വിവരം. എല്ലാ സ്വർണക്കടത്തും നയതന്ത്ര ചാനലിലൂടെയാണ് നടന്നത്. പത്ത് എയർവേ ബില്ലുകൾ തിരുവനന്തപുരം വിമാനത്താവള കാർഗോയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്വർണം ദുബായിൽ നിന്ന് വാങ്ങിയതും അയച്ചതും കൊച്ചി സ്വദേശി ഫരീദാണെന്നും ഇയാൾ ദുബായിൽ പ്രൊവിഷണൽ സ്‌റ്റോർ നടത്തിപ്പുകാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരുടെ ഒപ്പ് കള്ളക്കടത്ത് സംഘം വ്യാജമായി ചമച്ചതായി സംശയം ഉയർന്നിട്ടുണ്ട്. കാറും ഭക്ഷണ സാധനങ്ങളും ഓഫീസിലെ അലങ്കാര വസ്തുക്കളും എത്തിക്കാനാണ് അനുമതി തേടിയിരുന്നതെന്നും കണ്ടെത്തി. സ്വർണ കടത്തിൽ സ്വപ്‌ന വ്യാജ രേഖ ചമച്ചതായും സംശയം ഉയർന്നിട്ടുണ്ട്. നയതന്ത്ര പാഴ്‌സലിന്‍റെ കസ്റ്റംസ് ക്ലിയറൻസിന് സർക്കാരിന്‍റെ അനുമതി വാങ്ങിയിരുന്നു. എന്നാൽ രണ്ട് വർഷമായി പ്രോട്ടോക്കോൾ ഓഫീസറുടെ ഒപ്പ് വാങ്ങിയിരുന്നില്ല.
അതേസമയം സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൽ വിവാദത്തിന് പിന്നാലെ ഐ.ടി വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശിവശങ്കരനെ സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് വിവരം. ഇദ്ദേഹത്തോട് വിശദീകരണം തേടും. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ച സംഭവത്തിലായിരിക്കും വിശദീകരണം തേടുക.