വലിയ വീടും അനുബന്ധ സൗകര്യങ്ങളുമുള്ള നിരവധി വീടുകളിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ന്യൂനത മതിലിന്റെ അഭാവമാണ്. പലയിടത്തും മതിൽ പൂർണമായി ഉണ്ടാകില്ല. മുന്നിൽ മാത്രം മതിൽ കെട്ടി നിർത്തുന്ന വീടുകളുമുണ്ട്. വീട് എത്ര ചെറുതോ വലുതോ ആണെങ്കിലും ചുറ്റുമതിൽ നിർബന്ധമാണ്. അതിന്റെ പ്രാധാന്യം പറയാം.
ജീവനുള്ള ഏത് ശരീരത്തിനു ചുറ്റിലും അദൃശ്യമായൊരു കവചമുണ്ടെന്നുള്ളത് തെളിയിക്കപ്പെട്ടതാണ്. അതിനെയാണ് ഓറ എന്ന് വിളിക്കുന്നത്. ഈ ഓറയാണ് മനുഷ്യനെ കോടാനുകോടി വരുന്ന ക്ഷുദ്ര, സൂക്ഷ്മാണുക്കളിൽ നിന്നും രക്ഷിക്കുന്നത്. മനുഷ്യന് ഓറ എങ്ങനെയാണോ അതു പോലെയാണ് വീടിന് ചുറ്റുമതിൽ. വീടിന്റെ സംരക്ഷണ കവചമാണത്.
ചുറ്റുമതിൽ പൂർണമായി തന്നെ കെട്ടണം. എങ്കിലേ അടുത്ത വീടിന്റെയോ പറമ്പിന്റെയോ ദോഷാവസ്ഥകൾ ബാധിക്കാതെയിരിക്കൂ. അല്ലെങ്കിൽ ആ ഊർജം ചുറ്റിത്തിരിഞ്ഞ് ദോഷമുണ്ടാക്കും. ഉദാഹരണത്തിന് നമ്മുടെ കിണർ കുഴിക്കേണ്ടത് വടക്കോ, കിഴക്കോ, വടക്ക് കിഴക്കോ ആണല്ലോ. ഈ സ്ഥലത്ത് മതിൽ ഇല്ലെങ്കിൽ അടുത്ത വീട്ടുകാർക്ക് അത് ദോഷമാവും. അതായത് കിണർ അവർക്ക് വടക്ക് പടിഞ്ഞാറായി മാറും. അത് വലിയ ദോഷമാണ്. ഇങ്ങനെ സെപ്റ്റിക് ടാങ്കും ഗേറ്റുമെല്ലാം വരും.
മതിൽ കെട്ടുമ്പോൾ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഉയർത്തി കെട്ടണം. വടക്കും കിഴക്കും ഭാഗങ്ങളിൽ മതിൽ താഴ്ന്നിരിക്കണം. തെക്കും പടിഞ്ഞാറും മതിൽ ആറടിയുണ്ടെങ്കിൽ വടക്കും കിഴക്കും നാലടി മതിയാവും. വടക്കും കിഴക്കുമുളള മതിലുകളിൽ ധാരാളം തുറപ്പുകൾ ഇടുന്നതും അത്യുത്തമമാണ്. നിരവധി ദോഷങ്ങൾ ഒഴിഞ്ഞു പോകുമെന്ന് മാത്രമല്ല സമ്പത്തും സദ് കീർത്തിയും ഉണ്ടാവാൻ ഇത് ഇടയാകും. പടിഞ്ഞാറ് തെക്ക് മതിലുകളേക്കാൾ വടക്കും കിഴക്കും മതിലുകൾ ഉയർന്നിരുന്നാൽ സാമ്പത്തിക പ്രതിസന്ധികളും നിത്യ രോഗവും ഫലമായി കാണാറുണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള മതിലുകൾ പരമാവധി വളയാതിരിക്കാനും ശ്രദ്ധിക്കണം. കിഴക്ക് മതിൽ വളഞ്ഞാൽ അത് പുരുഷനെയും പടിഞ്ഞാറ് വളഞ്ഞാൽ അത് സ്ത്രീകളെയും ബാധിക്കും.
മതിലുകൾ കെട്ടുമ്പോൾ നാലുമൂലകളിലും 90 ഡിഗ്രി ഉറപ്പാക്കാൻ പരമാവധി ശ്രദ്ധിക്കണം. തെക്കു പടിഞ്ഞാറും തെക്കു കിഴക്കും ഇത് നിർബന്ധമായും ഉറപ്പാക്കുകയും വേണം.വടക്കും കിഴക്കും ഈ അളവില്ലെങ്കിലും വലിയ പ്രശ്നമില്ല. ഭൂമിയുടെ കിടപ്പ് പ്രകാരം മതിൽ വളച്ചു കെട്ടേണ്ട സ്ഥിതിയുണ്ടെങ്കിൽ മൂലകളിലെങ്കിലും സമചതുരം തരപ്പെടുത്തണം. വടക്ക് കിഴക്ക് മതിലുകളിൽ ഭാരമുളള ചെടിച്ചട്ടികളും മറ്റും വയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം. ഇവിടെ മനോഹരമായതും ഭാരം കുറഞ്ഞതുമായ ഗ്രില്ലുകൾ മാത്രമായി സ്ഥാപിച്ച് മതിൽകെട്ടുന്നതും അത്യുത്തമമാണ്. പടിഞ്ഞാറും തെക്കും മതിലുകളിൽ പരമാവധി ഗ്രില്ലുകൾ വയ്ക്കാതിരിക്കുന്നതാണ് ശാസ്ത്രീയമായി നല്ലത്. മതിലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ചെറിയൊരു വാതിൽ വയ്ക്കുന്നതും അത്യുത്തമമാണ്. വീടിനും വസ്തുവിനും ഈശാനമൂലകളുണ്ട്. ഈ രണ്ട് ഭാഗങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ ചെറിയ ഗേറ്റുകൾ വയ്ക്കാൻ പരമാവധി ശ്രമിക്കണം. തെക്ക് ഭാഗത്താണ് വീടിന്റെ റോഡെങ്കിൽ മതിൽ കെട്ടുമ്പോൾ വാതിൽ തെക്ക് ഭാഗത്ത് കിഴക്കോട്ട് വരരുത്. അത് തെക്കിൽ തന്നെ വയ്ക്കേണ്ടതാണ്. കിഴക്കോട്ട് മതിലിൽ വാതിൽ വച്ചാൽ അപകടമുണ്ടാവാം. പക്ഷേ തെക്കോട്ട് വയ്ക്കുമ്പോൾ അത് ഭാഗ്യവാതിലാവുകയും ചെയ്യും.
പരമാവധി പൊതുമതിലുകൾ ഒഴിവാക്കുന്നതാണ് ഉത്തമം. കിഴക്ക് പൊതുവായി കെട്ടുന്ന മതിൽ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരുപാടു വീടുകൾ കണ്ടിട്ടുണ്ട്. അടുത്തടുത്ത വീട്ടുകാർ സംയുക്തമായി മതിൽ കെട്ടുകയാണെങ്കിൽ അതിൽ ഇരുവർക്കും ഗുണകരമായ തരത്തിൽ വാതിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. വടക്കും കിഴക്കും വലിയ മതിൽ കെട്ടുന്നതും ദോഷമുണ്ടാക്കും.