pic

ന്യൂഡൽഹി: ഇന്ത്യ -ചെെന അതിർത്തിയിൽ നിന്നും ചെെനീസ് സേന പിൻവാങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷത്തിന് അയവ് വന്നിരിക്കുകയാണ്. ചെെനീസ് സേനയുടെ താൽക്കാലിക പിൻമാറ്റമാണോ എന്ന സംശയമാണ് ഇന്ത്യക്കുളളത്. ഇതിനാൽ തന്നെ ചെെനയുടെ നീക്കങ്ങൾ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. പാംഗോംഗിലെ ചെെനീസ് സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും അതിന് ശേഷം മാത്രമെ ഉറച്ച തീരുമാനമെടുക്കാൻ സാധിക്കുവെന്നും ഇന്ത്യൻ ആർമി കമാൻഡർ പറഞ്ഞു. ഗൽവാനിലും ഗോഗ്രയിലും ഹോട്ട് സ്പ്രിംഗ്സിലും പീപ്പിൾ ലിബറേഷൻ ആർമിക്ക് പ്രതികൂല സാഹചര്യമാണെന്നും എന്നാൽ ഫിംഗർ ഫോർ വരെ റോഡ് നിർമിച്ചതിനാൽ സ്ഥിതി ചെെനയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.


അതിർത്തിയിൽ നിന്നുളള സൈനിക പിൻമാറ്റം വളരെ സാവധാനവും ശ്രദ്ധാപൂർവവുമായിരിക്കും. ഓരോ പോയിന്റിലും സൈനിക മേധാവികൾ തമ്മിൽ ചർച്ച നടത്തുമെന്നും അധികൃതർ അറിയിച്ചു. ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ചെെനയാണ് അതിർത്തിയിൽ നിന്ന് സൈനികരെ പിൻവലിച്ച് തുടങ്ങിയത്. അതിർത്തിയിലെ നിലവിലെ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് വിവരങ്ങൾ അപ്പോൾ തന്നെ ഇന്ത്യൻ സേന സൈനിക നേതൃത്വത്തെ അറിയിക്കുന്നുണ്ട്. അതിർത്തിയിലെ സ്ഥിതിഗതികൾ അറിയിക്കാൻ കഴിഞ്ഞ ദിവസം രാവിലെ തന്നെ സൈനിക മേധാവി എം എം നരവൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ഫോണിൽ വിളിച്ചിരുന്നു.

സമാധാന ചർച്ചയുടെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങിയിയും തമ്മിൽ വീഡിയോ കോൺഫ്രസ് സംഘടിപ്പിച്ചിരുന്നു. ഇത് ഏകദേശം രണ്ട് മണിക്കൂർ വരെ നീണ്ട് നിന്നു. ജൂൺ 15 ന് അതിർത്തിയിലുണ്ടായ സംഘർഷത്തിന് കാരണക്കാർ ആരെന്ന കാര്യത്തിൽ ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടായെങ്കിലും ചില കാര്യങ്ങളിൽ ഇവർ തമ്മിൽ ധാരണയായി. എൽ എ സിയിൽ സമാധാനം പുനസ്ഥാപിക്കാൻ നാല് കാര്യങ്ങൾ നടപ്പാക്കണെമെന്ന് അജിത് ദോവൽ വാങിനോട് പറഞ്ഞു. ചർച്ച പലകാര്യങ്ങളിലും ധാരണയായതോടെ പാംഗോംഗ് തടാകത്തിലെ വടക്കൻ തീരത്ത് ഇന്ത്യൻ സേനയുടെ പട്രോളിംഗ് അവകാശങ്ങൾ പുനസ്ഥാപിക്കുന്നതായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും മാർഗ നിർദേശത്തെ തുടർന്നാണ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയത്.

സംഘർഷം പൂർണമായും പരിഹരിക്കുന്നത് വരെ ഇന്ത്യൻ സൈന്യം അതിർത്തിയിൽ സുരക്ഷയുടെ ഭാഗമായി നിലകൊളളുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു. ചെെനയുടെ ആക്രമണത്തെ നേരിടാൻ ആയിരക്കണക്കിന് സൈനികർ , യുദ്ധവിമാനങ്ങൾ, ആക്രമണ ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, പീരങ്കി തോക്കുകൾ എന്നിവ ഇന്ത്യ അണിനിരത്തിയിരുന്നു. 45 വർഷത്തിനിടയിലുളള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ഗൽവാനിൽ നടന്നത്.