che

തി​രുവനന്തപുരം: ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതോടെ സ്വർണക്കടത്തു കേസി​ൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി ശരിവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ''നേരത്തേ ആരോപണങ്ങൾ വന്നപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തന്നിലേക്ക് കാര്യങ്ങൾ എത്തുമെന്ന ഭയം കൊണ്ടാണ് ശിവശങ്കറിനെതിരെ മുഖ്യമന്ത്രി ഇപ്പോൾ നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു. എന്തുകൊണ്ട് നേരത്തേ ആരോപണമുയർന്ന സമയത്ത് നടപടി എടുത്തില്ല. ബലിയാടുകളെ കൊണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല.സ്വർണക്ക‌‌ളളക്കടത്തുകേസിനു പിന്നിലെ കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രി വെളിപ്പെടുത്തണം എന്നുപറഞ്ഞ രമേശ് ചെന്നിത്തല ഒന്നും മറയ്ക്കാനില്ലെങ്കിൽ കേസന്വേഷണം സി ബി ഐക്ക് വിടാൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.സ്വർണക്കടത്തുകേസിൽ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും അദ്ദേഹം വ്യക്തമാക്കി​.

തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളൊന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി അറിയുന്നില്ലേയെന്ന് ചോദി​ച്ച പ്രതി​പക്ഷ നേതാവ് ഇതൊന്നും അറിയില്ലെങ്കിൽ ആ സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും പറഞ്ഞു.

സ്വർണക്കടത്തിനെക്കുറിച്ച് സി​ ബി​ ഐ അന്വേഷണം വേണമെന്ന് ഇന്നലെയും രമേശ് ചെന്നി​ത്തല ആവശ്യപ്പെട്ടി​രുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരു യുവതിക്ക് ഐ ടി വകുപ്പിന് കീഴിൽ പ്രധാനപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്.ഇക്കാര്യത്തിൽ ഐ ടി സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കണമെന്നും കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ചെന്നി​ത്തല ആരോപി​ച്ചി​രുന്നു.