swapna

തിരുവനന്തപുരം: മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടിൽ സ്വപ്‌ന വരാറില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാറില്ലെന്നും അവർ വ്യക്തമാക്കി. ഇങ്ങനെയൊരു വാർത്ത കേട്ടതിനെ തുർന്നുള്ള ഷോക്കിലാണ് താൻ. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും പ്രഭ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വരെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും സ്വപ്നയുടെ അമ്മ പറയുന്നു. സ്വർണ്ണക്കടത്ത് വിഷയത്തിൽ മകളുടെ പങ്ക് വാർത്തയിലൂടെയാണ് അറിഞ്ഞതെന്നും അവർ പറയുന്നു.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സ്വപ്ന പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലാണ്. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസിൽ പങ്കാളിയായി. തുടര്‍ന്ന് പതിനെട്ടാം വയസിലാണ് തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായുള്ള സ്വപ്നയുടെ വിവാഹം നടന്നത്.

ഭർത്താവുമൊത്തുള്ള ദാമ്പത്യ ജീവിതം തകർന്ന ശേഷം തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. പിന്നീട് എയ‍ർ ഇന്ത്യ സാറ്റ്സിലെത്തി. അവിടെ നിന്നാണ് യു.എ.ഇ കോൺസുലേറ്റ് ജനറലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള മാറ്റം.

കോൺസുലേറ്റിൽ നിന്ന് വിസാ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്നാണ് സ്വപ്ന പുറത്തായത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പിന്നീട് പ്രവർത്തനകേന്ദ്രം കേരളത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് മാറ്റി. ഐ.ടി വകുപ്പിൽ സുപ്രധാന തസ്തികയിലെത്തിയ സ്വപ്ന കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തിയിരുന്നു.