സീരിയസായ റോളുകളിലേക്കുള്ള
ചുവടുമാറ്റത്തിലാണോ ഈ നടൻ, അതോ
നായകനാകാനുള്ള തയ്യാറെടുപ്പോ?
എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ഷറഫുദ്ദീൻ ...
ഇൗ മുഖം സ്ക്രീനിൽ കണ്ടാൽ പൊട്ടിച്ചിരിക്കാത്ത മലയാളികളില്ല. ഷറഫുദ്ദീൻഎന്ന പേരിനെക്കാൾ പരിചയം നിഷ്കളങ്കമായ ഈ ചിരിയും ഉരുളയ്ക്കുപ്പേരിയായി എത്തുന്ന കൗണ്ടറുകളുമാണ്. പ്രേമത്തിലെ ഗിരിരാജൻ കോഴിയിൽ നിന്ന്ഷറഫുദ്ദീൻ ഏറെ മാറിയിരിക്കുന്നു.രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയുമാണ് പുതിയ സിനിമ.
സീരിയസായ റോളുകളിലേക്കുള്ള ചുവടുമാറ്റത്തിലാണോ ഈ നടൻ, അതോ നായകനാകാനുള്ള തയ്യാറെടുപ്പോ? എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ഷറഫുദ്ദീൻ ...
വരത്തനിലും ,നീയും ഞാനിലും , അഞ്ചാംപാതിരയിലും സീരിയസായിരുന്നല്ലോ. ട്രാക്ക് മാറാനുള്ള ശ്രമമാണോ?
ഇല്ല. ഇനി കുറച്ച് സീരിയസ് റോളുകൾ ചെയ്യാമെന്നു കരുതി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ കഴിയില്ലല്ലോ.പതിവിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വരുന്നതിൽ നല്ലത് നോക്കി തിരഞ്ഞെടുക്കുന്നു. മറ്റ് പ്ളാനിംഗുകളൊന്നുമില്ല.
കോമഡി ചെയ്യാനാണോ എളുപ്പം?
അതെ. എന്നെ സംബന്ധിച്ച് കോമഡി ചെയ്യാൻ കുറച്ച് എളുപ്പമാണെന്ന് തോന്നുന്നു.
സ്വയം വിലയിരുത്താറുണ്ടോ?
അങ്ങനെ ആലോചിച്ചിട്ടില്ല. എന്റെ കോമഡികൾക്ക് എന്തിനാ ആളുകൾ ചിരിക്കുന്നതെന്ന് കരുതി അന്തം വിടാറേയുള്ളൂ. സ്വാതന്ത്ര്യത്തോടെ അഭിനയിക്കാൻ കഴിഞ്ഞാൽ റിസൾട്ട് നന്നാകുമെന്ന് തോന്നിയിട്ടുണ്ട്. സംവിധായകനും എഴുത്തുകാരനും എത്രത്തോളം സ്വാതന്ത്ര്യം തരുന്നോ അതിനനുസരിച്ചേ നമുക്ക് ചെയ്യാൻ പറ്റൂ. ഒരു സിനിമയുടെ അണിയറ പ്രവർത്തകരുമായി നല്ല ബന്ധമാണെങ്കിൽ അത് അഭിനയത്തിലും പ്രതിഫലിക്കാറുണ്ട്. പിന്നെ ഒരുപാട് കോമഡികൾ നമ്മൾ എല്ലാ സിനിമയിലും പറയുന്നുണ്ടാകും. അതിൽ നിന്ന് ആളുകൾ ചിരിക്കുന്നവ മാത്രമേ സംവിധായകൻ സിനിമയിലേക്ക് എടുക്കൂ. ചിരിക്കാത്ത ഒരുപാട് കോമഡി കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ടാകും. ഒന്നും നമ്മുടെ മാത്രം മിടുക്കല്ല.
കംഫർട്ട് സോണിന്റെ ആളാണോ?
അതെ. എല്ലാ മനുഷ്യരും കംഫർട്ട് സോൺ ആഗ്രഹിക്കുന്നവരാണ്. സുഹൃത്തുക്കളോടൊപ്പം സിനിമ ചെയ്യുന്നത് വലിയ സന്തോഷമാണ്. പക്ഷേ, എപ്പോഴും സുഹൃത്തുക്കളുടെ സിനിമ നോക്കിയിരിക്കാൻ പറ്റില്ലല്ലോ. ഒരു ആർട്ടിസ്റ്ര് എന്ന രീതിയിൽ എവിടെയും ആരോടൊപ്പവും ജോലി ചെയ്യാൻ തയ്യാറാണ്. പുതിയ സാഹചര്യങ്ങളെ പോസിറ്രീവായി മാത്രമേ എടുക്കാറുള്ളൂ.
സിനിമയായിരുന്നോ ലക്ഷ്യം?
ആദ്യം മെച്ചപ്പെട്ട ജീവിതമായിരുന്നു ലക്ഷ്യം. സിനിമയിലെത്താൻ ആഗ്രഹിച്ചിട്ടുണ്ട്. സിനിമ കാണുന്നതായിരുന്നു ഏറ്റവും വലിയ ത്രിൽ. പക്ഷേ, സിനിമയുടെ പിന്നാലെ പോയാൽ ജീവിതത്തിലെ എല്ലാ പ്ളാനുകളും കുളമാകും എന്നതായിരുന്നു അവസ്ഥ. എന്റെ സുഹൃത്തുക്കളും സിനിമയിൽ എത്താൻ ആഗ്രഹിച്ചിരുന്നവരാണ്. പല കാര്യങ്ങളും ചെയ്ത് ഒടുവിൽ സിനിമയിൽ തന്നെ എത്തി. കുറച്ച് ബിസിനസും ചെയ്യുന്നുണ്ട്.
അൽഫോൺസ് പുത്രനാണല്ലോ ബ്രേക്ക് തന്നത്?
അതെ. സിനിമയിൽ എത്തുന്നതിന് മുമ്പേ അൽഫോൺസ് അടുത്ത സുഹൃത്താണ്. എല്ലാ ചെറുപ്പക്കാർക്കും കൂട്ടുകാരുണ്ടാകും. ഭാവിയെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം അവർ തമ്മിൽ ചർച്ച ചെയ്യും. അതുപോലെ ഞങ്ങളുടെയെല്ലാം ആഗ്രഹം സിനിമയായിരുന്നു. കുറെക്കാലം അതിന് വേണ്ടി പരിശ്രമിച്ചു. ജീവിതത്തിൽ മറ്റ് ബുദ്ധിമുട്ടുകൾ വരുമ്പോൾ സിനിമ വേണ്ട വേറെ എന്തെങ്കിലും ജോലിക്ക് പോകാം എന്നൊക്കെ കരുതും. അപ്പോഴൊക്കെ സിനിമയുടെ കൂടെ നിറുത്തിയത് അൽഫോൺസാണ്. സുഹൃത്തെന്ന നിലയിൽ പുള്ളി ഭയങ്കര സംഭവമാണ്.
പ്രേമം തന്ന ഹൈപ്പ് നിലനിറുത്താൻ കഴിഞ്ഞെന്നു കരുതുന്നുണ്ടോ?
ഹൈപ്പ് നിലനിറുത്തണം എന്നൊന്നുമില്ല. നമ്മൾ ചെയ്യുന്ന സിനിമയും കഥാപാത്രവും ആൾക്കാർക്ക് ഇഷ്ടമാകണം. പ്രേമത്തിന് ഞാൻ വിചാരിച്ചതിനെക്കാൾ എത്രയോ മടങ്ങ് സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് നിരവധി സിനിമകൾ കിട്ടി. അത്രയ്ക്കൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. അഭിനയത്തിൽ എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടാക്കി തന്ന സിനിമയാണ് പ്രേമം. ഗിരിരാജൻ കോഴിയെന്ന് അറിയപ്പെടാൻ തുടങ്ങി. അതുപോലെ ഹാപ്പി വെഡ്ഡിംഗിലെ മനുവും ശ്രദ്ധിക്കപ്പെട്ടു. പിന്നെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജോർജേട്ടൻസ് പൂരം. ചുരുങ്ങിയ സമയം കൊണ്ട് ലാലേട്ടൻ, ദിലീപേട്ടൻ, ജയസൂര്യ തുടങ്ങിയവരോടൊപ്പം അഭിനയിച്ചത് വലിയ അനുഭവമായിരുന്നു. ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കണ്ടാണ് വളർന്നത്. ആദ്യമായി ലാലേട്ടനൊപ്പം കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വലിയ ടെൻഷനായിരുന്നു. ആദ്യ ഷോട്ടിൽ ആദ്യ ഡയലോഗ് ഞാൻ തെറ്റിച്ചു. എന്നിട്ട് ലാലേട്ടനോട് സോറി പറഞ്ഞു. മോനെ കുഴപ്പമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതൊക്കെ ആലോചിക്കുമ്പോൾ ഭയങ്കര സന്തോഷമാണ്.
കഥാപാത്രങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഗൃഹപാഠം ചെയ്യാറുണ്ടോ?
ഒരു കഥ കേൾക്കുമ്പോൾ ആ കഥാപാത്രം നമ്മുടെ മനസിൽ കയറും. എപ്പോഴും അതെക്കുറിച്ചുള്ള ചിന്ത തലയിലുണ്ടാകും. പിന്നെ ലൊക്കേഷനിൽ ചെന്നിട്ടുള്ള അഭിനയം മാത്രമേയുള്ളൂ. ഹോം വർക്ക് ഒന്നും ചെയ്യാറില്ല.
സിനിമയിൽ ഗോഡ്ഫാദർമാരുടെ ആവശ്യമുണ്ടോ?
ഗോഡ്ഫാദർ എന്നൊരു സങ്കല്പം തന്നെ ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയിൽ എല്ലാവരും സ്വന്തമായി പയറ്റിത്തെളിഞ്ഞാണ് നിലനിൽക്കുന്നത്. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിൽ മേഖലയിലും അങ്ങനെയാണ്. അഭിപ്രായങ്ങൾ കൃത്യമായി പറയുന്ന ഒരു നല്ല സുഹൃത്ത് ഒപ്പമുണ്ടായാൽ മതി.
സിനിമയിലെ മറ്റ് ഏതെങ്കിലും മേഖലയോട് താത്പര്യമുണ്ടോ?
എന്നും സിനിമയിലൊക്കെ തന്നെ ഉണ്ടാകും. നിർമ്മാണം അടക്കം സിനിമയുടെ ഏത് മേഖലയിലും ഭാവിയിൽ എന്നെ പ്രതീക്ഷിക്കാം. സിനിമയോട് അത്രയ്ക്ക് ഇഷ്ടമാണ്.
പ്രേക്ഷകർ സ്വീകരിച്ച സ്വന്തം കഥാപാത്രങ്ങളെ, മറ്റു സിനിമകളിൽ അനുകരിക്കേണ്ടി വരാറുണ്ടോ?
ഒരുപോലെയുള്ള റോളുകൾ സ്വീകരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പരിപാടി.
സിനിമയിലുണ്ടായ മാറ്റം തുടക്കക്കാർക്ക് ഗുണം ചെയ്തോ?
തീർച്ചയായും. നമ്മൾ പുതിയതായി വന്നയാളുകളാണ്. അതുപോലെ പുതിയ സംവിധായകരും വന്നാലെ സിനിമ ഫ്രഷായി ഇരിക്കൂ. ഞാൻ കണ്ടിടത്തോളം സിനിമയുടെ വലിയ മേഖലകളിൽ ജോലി ചെയ്യുന്നവരും ചെറിയ മേഖലകളിൽ ജോലി ചെയ്യുന്നവരുമെല്ലാം ആ കലാരൂപത്തെ ഇഷ്ടപ്പെട്ട് വന്നവരാണ്. 40 കൊല്ലമായി ജോലി ചെയ്യുന്നവരും എന്നെ പോലെ തുടക്കക്കാരും അക്കൂട്ടത്തിലുണ്ട്. സിനിമ ട്രെൻഡിംഗായി നിന്നാൽ ഒരുപാട് മേഖലകളിൽ ഉള്ളവർക്ക് ഗുണം ചെയ്യും.
സിനിമയിൽ കാണുന്നതു പോലെയല്ലല്ലോ, ജീവിതത്തിൽ കുറച്ച് സീരിയസാണോ?
ഞാൻ ഭയങ്കര കൂളാണ്. ഈയിടെയായിട്ട് അല്പം സീരിയസാണെന്ന് ആളുകൾ പറയുന്നുണ്ട്. വേറൊരാളുമായി സംസാരിക്കുമ്പോഴും കൂട്ടുകാരുടെ ഇടയിലുമെല്ലാം കോമഡിക്കാരനാണ് ഞാൻ. ഓരോ ദിവസം കഴിയും തോറും സിനിമയെ കുറിച്ച് കൂടുതലായി ചിന്തിക്കുന്നുണ്ട്. നല്ല സിനിമകൾക്കായി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടാകാം ഞാൻ സീരിയസായെന്ന് തോന്നുന്നത്.
കുടുംബം?
ഭാര്യ ഭീമ. ഒരു മകളേയുള്ളൂ. ദു അ മറിയം.