കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്‌തുത വിരുദ്ധമായ കാര്യങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വളരെ ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി വകുപ്പിൽ സെക്രട്ടറിയായി അദ്ദേഹം തുടരുന്നത് ദുരൂഹതയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലെ വിവരങ്ങളെല്ലാം ശിവശങ്കറിനെ അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാത്തത്. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താത്പര്യമാണ്. സോളാർ കേസിന്‍റെ തനിയാവർത്തനമാണ് നടക്കുന്നത്. 2017 തുടക്കം മുതൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. അവർ തമ്മിൽ നല്ല പരിചയമുണ്ട്. അവരെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ലോക കേരള സഭയുമായി ബന്ധപ്പെട്ട് വളരെ കാര്യങ്ങൾ സ്വപ്‌നയ്ക്ക് അറിയാം. പല സർക്കാർ പരിപാടികളുടെയും സംഘടന ചുമതല സ്വപ്നയ്ക്ക് ആയിരുന്നു. സി.പി.എം ഉന്നത നേതാക്കളുമായി വരെ സ്വപ്നയ്ക്ക് ബന്ധമുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉമ്മൻചാണ്ടി നടത്തിയ അതേതന്ത്രങ്ങളാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
ഈ കേസിലെ ആരോപണ വിധേയരെല്ലാം സർക്കാരിൽ നല്ല സ്വാധീനമുള്ളവരാണ്. എൻ.ഐ.എ ഉൾപ്പെടെയുള്ളവർ ഇടപെടേണ്ട കേസാണെങ്കിൽ അവർ ഇടപെടും. സാധാരണ നികുതി വെട്ടിപ്പ് കേസായി ഇത് ഒതുങ്ങില്ല. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ സി.പി.എമ്മിനായി ചരടുവലി നടത്തിയിട്ടുണ്ടെന്നും ആ വിശദാംശങ്ങൾ തങ്ങൾക്ക് ലഭിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.