നല്ലൊരു ജീവിതം നയിക്കാനും നമ്മുടെ ആത്മ സംതൃപ്തിക്കും നമുക്കെല്ലാം ഒരു ജോലി ആവശ്യമാണ്. മഹാരോഗം നാശം വിതക്കുന്ന ഈ കാലത്തും ജോലിയുളളത് ഒരു മഹാഭാഗ്യമായാണ് നാം കാണുന്നത്. വിഷമകരമായ ഈ അവസ്ഥയിലും നമ്മിൽ പലർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനും മറ്റും കഴിയുന്നത് വലിയൊരു കാര്യം തന്നെയാണ്.
എന്നാൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങിലും ജോലി ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം വന്നാലോ? സമൂഹ മാദ്ധ്യമങ്ങളിൽ അത്തരമൊരു വീഡിയോ വൈറലാകുകയാണ്. വിവാഹദിനം തന്റെ വരനൊപ്പം സർവ്വാഭരണ വിഭൂഷിതയായി വേദിയിലിരിക്കുമ്പോഴും ലാപ്ടോപിൽ ജോലി ചെയ്യുകയും അതിന്റെ ആവശ്യത്തിനായി ഫോൺ ചെയ്യുകയും ചെയ്യുകയാണ് വീഡിയോയിൽ വധു. ഓഫീസിലെ കാര്യം ഓഫീസിലും; മറ്റ് സമയം വ്യക്തി ജീവിതത്തിനും ചിലവഴിക്കേണം എന്ന് നാം സാധാരണ പറയാറുണ്ടെങ്കിലും തൊഴിലെടുക്കാൻ വിവാഹ വേദി ഉപയോഗിച്ച യുവതി വളരെവേഗം സമൂഹമാദ്ധ്യമങ്ങളിൽ താരമായി. ജോലിഭാരത്തെ കുറിച്ച് നിങ്ങൾ ചിന്തയിലാണോ? എങ്കിൽ ഈ വീഡിയോ കാണൂ എന്ന കുറിപ്പോടെയാണ് ദിനേശ് ജോഷി എന്നയാൾ ട്വിറ്ററിൽ വീഡിയോ പോസ്‌റ്റ് ചെയ്തിരിക്കുന്നത്.
If you think you are under work pressure then watch this... via WA @hvgoenka pic.twitter.com/odbFTxNofh
— Dinesh Joshi. (@dineshjoshi70) July 3, 2020
വീഡിയോയിലെ പെൺകുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് തുടർന്ന് വന്നത്. എന്തൊരു ക്രൂരനാണ് ഇവരുടെ ബോസ്? എന്നതാണ് അവയിലൊന്ന്. വിവാഹ ചിത്രങ്ങളും വീഡിയോകളും ചങ്ങാതിമാർക്ക് അയക്കുകയാകും എന്നതാണ് മറ്റൊരു കമന്റ്. വിവാഹിതയായെന്ന സ്‌റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയാണെന്നാണ് വേറൊരു കമന്റ്. 65,000ത്തിലധികം പേർ എന്തായാലും വീഡിയോ കണ്ട് കഴിഞ്ഞു.