ഞാൻ പുസ്തകങ്ങളേക്കാളേറെ വായിച്ചിട്ടുള്ളത് ജീവിതങ്ങളാണ്. ഒരുപാടു പച്ചയായ ജീവിതങ്ങൾ തൊട്ടടുത്തു കണ്ടു. ഈ അനുഭവങ്ങളാണ് എന്റെ എഴുത്തിന്റെ സ്രോതസ്."" മലയാള ചെറുകഥയ്ക്ക് വേറിട്ടൊരു ഭാവുകത്വം നൽകിയ എഴുത്തുകാരൻ വൈശാഖൻ പറയുന്നു. നാലുവർഷം മുമ്പ് അദ്ദേഹം കേരള സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷനായി നിയമിതനായപ്പോൾ, സഹൃദയർ അതിനെ അക്കാഡമിക്കൊരു ജനകീയ മുഖമെന്നായിരുന്നു വിശേഷിപ്പിച്ചത് ! സാഹിത്യം സമൂഹത്തിലെ ഉന്നതരോടാണെന്ന പൊതുധാരണ മാറ്റി, അത് സാധാരണക്കാരന്റെയും കൂടിയാണെന്ന് തെളിയിക്കാൻ അക്കാഡമിക്ക് കഴിഞ്ഞു. ഈയിടെ എൺപതു തികഞ്ഞ വൈശാഖന്റെ അരനൂറ്റാണ്ടുകാലത്തെ എഴുത്തനുഭവങ്ങളും അപൂർവങ്ങളായ ജീവിതപരിജ്ഞാനവുമാണ്, അക്കാഡമിയുടെ അമരത്തിരുന്ന് അദ്ദേഹമിപ്പോൾ പ്രാവർത്തികമാക്കുന്ന കർമ്മപദ്ധതികൾക്ക് ശക്തിയേകുന്നതെന്നതിൽ സംശയമില്ല!
''ജനകീയ മുഖം എന്ന വിശേഷണം അന്വർത്ഥമാക്കാൻ കഴിയുന്നവിധംതന്നെയാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായി മത്സ്യബന്ധന കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സാഹിത്യ ക്യാമ്പ് നടത്തി. 'കടലെഴുത്തുകൾ" എന്ന പേരിൽ. മഞ്ചേശ്വരം കടൽത്തീരത്ത്, മൂന്നുദിവസം നീണ്ടുനിന്ന ഒരു സാഹിത്യോത്സവം! എഴുതുന്നവരും എഴുതാത്തവരുമായ നിരവധി യുവതീയുവാക്കൾ അതിൽ സജീവമായി പങ്കെടുത്തു. എല്ലാവരും മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ടവർ. സാഹിത്യ അക്കാഡമിയെന്നൊരു സ്ഥാപനത്തെക്കുറിച്ചു ആദ്യം കേൾക്കുന്നവർ പോലും അവിടെ ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം!
ലോകസാഹിത്യത്തിലും, ഇന്ത്യൻസാഹിത്യത്തിലും, മലയാളസാഹിത്യത്തിലും, കടൽസാഹിത്യം വഹിച്ച പങ്കിനെക്കുറിച്ചു പരാമർശിക്കുന്ന പ്രഭാഷണങ്ങൾ നടത്തി. എല്ലാം അവർക്കു മനസിലാവുന്ന രീതിയിൽ. സാഹിത്യത്തിൽ കടലൊരു പ്രബലമായ ബിംബമാണ്. അതിൽ കടലിന്റെ മക്കളുടെ സ്ഥാനം എത്ര വിലപ്പെട്ടതാണെന്ന് അവരെത്തന്നെ ബോദ്ധ്യപ്പെടുത്തി.
കടൽ സംബന്ധിയായ സിനിമകൾ പ്രദർശിപ്പിച്ചു. അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്വേയുടെ ' ദി ഓൾഡ്മാൻ ആൻഡ് ദി സീ" എന്ന ലോകപ്രസിദ്ധമായ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കരണമുണ്ടായിരുന്നു. തകഴിയുടെ 'ചെമ്മീൻ" കണ്ട് അതിലടങ്ങിയ സാമൂഹിക സന്ദേശങ്ങൾ ചർച്ചക്കു വിധേയമാക്കി. കൂടാതെ, പ്രതിഭാശാലികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.
കടൽക്കാറ്റിനേയും കോരിച്ചൊരിയുന്ന മഴയേയും അതിജീവിച്ച് 'കടലെഴുത്തുകൾ" നേടിയ പരിപൂർണ്ണ വിജയം, അക്കാഡമിയുടെ പിന്നീടുള്ള പ്രവർത്തനങ്ങൾക്കുതന്നെ വളരെ പ്രചോദനകരമായി തീർന്നു! നാട്ടിക കടപ്പുറത്തും, വിഴിഞ്ഞം കടപ്പുറത്തും സമാനമായ 'കടലെഴുത്തുകൾ" നടത്താൻ പദ്ധതിയുണ്ട്.
കുടുംബശ്രീ ജീവനക്കാർക്കിടയിലെ സാഹിത്യാഭിരുചിയുള്ളവരെ കണ്ടെത്താനും അതു പരിപോഷിപ്പിക്കാനുമായി കോഴിക്കോടുവച്ച് നാലുദിവസം നീണ്ടുനിന്നൊരു സംസ്ഥാനതല സംഗമം നടത്തി. കുടുംബശ്രീക്കാർക്കിടയിൽ എഴുതാൻ കഴിവുള്ളവരുണ്ടെന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവർവരെയുണ്ടെന്നും ഞങ്ങൾപോലും ആദ്യമായി അറിഞ്ഞു! കുടുംബശ്രീയെന്നത് സമഗ്ര ദാരിദ്ര്യ നിർമ്മാർജനത്തിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ആരംഭിച്ച ഒരു സംയുക്ത സംരംഭമാണെങ്കിൽ, ഞങ്ങൾ ചിന്തിച്ചത് സമ്പൂർണ സാഹിത്യ ബോധവത്ക്കരണം അതിലൂടെ സംസ്ഥാനത്തു നടപ്പാക്കാനുള്ള ജനകീയ വഴികളാണ്.
സ്ത്രീയും എഴുത്തും
വളർന്നുവരുന്ന എഴുത്തുകാരികൾക്കുവേണ്ടി പുന്നയൂർക്കുളത്തെ കമല സുരയ്യ സ്മാരകത്തിൽവച്ച് ഒരു ബൃഹത്തായ സാഹിത്യ ക്യാമ്പ് നടത്തി. ഇരുനൂറോളം ചെറുപ്പക്കാരികൾ അതിൽ സജീവമായി പങ്കെടുത്തു. എഴുത്തിൽ തുടക്കക്കാരായ അവർക്ക്, 'സ്ത്രീയും എഴുത്തും" എന്നു പേരിട്ടു വിളിച്ച ആ ശിബിരം ഒരു പുത്തൻ ഉണർവ് പകർന്നു. അപ്രശസ്തരാണെങ്കിലും, ആ ക്യാമ്പിൽ പങ്കെടുത്ത പലരും ഇപ്പോൾ സർഗവൈഭവം തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
തമിഴ് നാട്ടിലെ തിരുവണ്ണാമലയിൽവച്ചാണ് തമിഴ് മലയാളം സാഹിത്യസംഗമം നടത്തിയത്. ഇതും വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് സംഘടിപ്പിച്ചതായിരുന്നു. നമ്മുടെ എഴുത്തുകാരികൾക്ക് തമിഴ് എഴുത്തുകാരികളുമായി സംവദിച്ച് സൃഷ്ടിപരമായ ആശയവിനിമയം നടത്താൻ ഈ ഒത്തുചേരൽ അവസരമുണ്ടാക്കി.
സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ സാഹിത്യ സംഗമമാണ് 'വൈദ്യവും എഴുത്തും". അക്കാഡമി അവർക്കുവേണ്ടി ഒരു സംഗമം നടത്തിയത് അവർപോലും വിസ്മയത്തോടെയാണ് വീക്ഷിച്ചത്! അതിനുശേഷം പല ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അക്കാഡമിയുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി. ബാലസാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാരംഗം കലോത്സവം" എന്ന പദ്ധതിയിലെ സാഹിത്യവിഭാഗം അക്കാഡമി ഏറ്റെടുത്തു. കഥ, കവിത, പുസ്തകാസ്വാദനം, ഉപന്യാസം മുതലായ സാഹിത്യ ശാഖകളിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തി, നാലു വർഷമായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനതലത്തിൽ, കുട്ടികളുടെ മികച്ച സൃഷ്ടികൾ രണ്ടു പുസ്തകങ്ങളിലായി പ്രസിദ്ധീകരിച്ചു!
ഭിന്നശേഷിക്കാരെ മറന്നില്ല
ആദ്യമായി ചെയ്തത് അക്കാഡമിയിലെ സകല ഹാളുകളിലേക്കും വേദികളിലേക്കും അവർക്ക് വീൽചെയറിൽ ഇരുന്നു എത്തിപ്പെടാൻ ആവശ്യമായ റാംപുകൾ നിർമ്മിക്കലാണ്. അവരുടെ പ്രഥമ കലാസാഹിത്യ പരിപാടി അക്കാഡമി ഹാളിൽവച്ചു താമസിയാതെ നടത്തി. കലാകാരന്മാർ വീൽചെയറിൽ റാംപ് വഴി കയറി വേദിയിൽ പരിപാടികൾ അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളികളെയും കുടുംബശ്രീക്കാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും സ്കൂൾ വിദ്യാർത്ഥികളെയും ഭിന്നശേഷിക്കാരെയും സാഹിത്യവുമായി സമന്വയിപ്പിക്കുന്ന കർമ്മ പരിപാടികൾ അക്കാഡമിയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണ് അരങ്ങേറുന്നത്! സെക്രട്ടറി ഡോ.കെ.പി.മോഹനന്റെ കർമ്മനിരതതയും, ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ ധൈഷണികതയുമാണ് ഈ വിജയങ്ങളുടെയെല്ലാം പുറകിലുള്ളത്. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം എഴുത്തുകാരിൽ വർദ്ധിപ്പിക്കാനായി സൈലന്റ് വാലിയിലും തേക്കടിയിലും വച്ച് രണ്ടു ക്യാമ്പുകൾ നടത്തി. ആദിവാസിജനതയ്ക്കുവേണ്ടി ഒരു സാഹിത്യസംഗമം വയനാട്ടിൽവച്ചു നടത്തി. നല്ല പ്രതികരണമായിരുന്നു. ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ ഇടയിൽ ധാരാളം സാഹിത്യപ്രേമികളുണ്ടെന്ന് അക്കാഡമി കണ്ടെത്തിയിരിക്കുന്നു. അവരുടെ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടി സാഹിത്യമേളകൾ നടത്താൻ ആലോചിച്ചുവരുന്നു. സാധാരണക്കാർക്ക് പ്രശസ്തരായ എഴുത്തുകാരുമായി ആശയവിനിമയത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കും. എല്ലാവരിലും സഹൃദയത്വം ഉണ്ടാക്കിയെടുക്കുക, അല്ലെങ്കിൽ എല്ലാവർക്കും സാഹിത്യ പരിചയം ഉണ്ടാവുക എന്നതാണ് ആശയം. സാഹിത്യം നിലനിൽക്കുന്നത് പണ്ഡിതഗവേഷണ ഗ്രന്ഥങ്ങളിലൂടെ മാത്രമല്ല, സാധാരണക്കാരായ വായനക്കാരിലൂടെയുമാണ്. അതിനാൽ, സാഹിത്യ അക്കാഡമി സാധാരണക്കാരടേതുമാണെന്ന് അവർക്കുകൂടി ബോദ്ധ്യപ്പെടണം! ഞങ്ങൾ കൊണ്ടുവന്നൊരു വീക്ഷണമാണിത്. ഇത് വളരെ മുമ്പുതന്നെ കൊണ്ടുവരേണ്ടതുമായിരുന്നു.
പ്രളയാക്ഷരങ്ങളിൽനിന്നുള്ളത് ദുരിതാശ്വാസത്തിന്
വെള്ളവും വെള്ളപ്പൊക്കത്തിലെ അതിജീവനവും പ്രബലവിഷയമായുള്ള സാഹിത്യസൃഷ്ടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് അക്കാഡമി ഇറക്കിയതാണ് 'പ്രളയാക്ഷരങ്ങൾ"! തകഴി , സി. വി. ശ്രീരാമൻ, എം. ടി. വാസുദേവൻ നായർ, ടി. പത്മനാഭൻ തുടങ്ങിയ നിരവധി പ്രശസ്ത സാഹിത്യകാരന്മാരുടെ, പ്രളയമെന്ന പ്രകൃതിക്ഷോഭവുമായി ബന്ധപ്പെടുത്താവുന്ന അനേകം രചനകൾ അതിലുണ്ട്. ഇതിന്റെ വിൽപ്പന ഇപ്പോഴും നന്നായി നടന്നുകൊണ്ടിരിക്കുന്നു. 'പ്രളയാക്ഷരങ്ങളി"ൽനിന്നു കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. ഈ കൊവിഡ്ക്കാലത്തുതന്നെ അക്കാഡമി 50 ലക്ഷം രൂപ നൽകിയിരുന്നു.
അഞ്ചു സർവകലാശാലകളുടെ ഗവേഷണ കേന്ദ്രമാണ് അക്കാഡമി ലൈബ്രറി. അതിനാൽ, അക്കാഡമിക്ക് ഏറ്റവും വിലപ്പെട്ടതാണ് അതിന്റെ ഗ്രന്ഥശേഖരം. ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളും വേഗത്തിൽ നടക്കുന്നുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തിരുന്നാലും പ്രിയപ്പെട്ട കൃതികൾ ഓൺലൈനിൽ സൗജന്യമായി വായിക്കാനും ഡൗൺലോഡ് ചെയ്യാനും മലയാളികൾക്കു കഴിയും.
പതിവായ പുരസ്കാര ആരോപണങ്ങൾ
നൂറുശതമാനം നീതി പാലിക്കാൻ പറ്റുന്നൊരു കാര്യമല്ല അവാർഡ് നിർണയം. പുരസ്കാരത്തിനെത്തുന്ന ആയിരക്കണക്കിനു പുസ്തകങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത് ഏറെ ശ്രമകരമാണ്. സാഹിത്യ സൃഷ്ടികളെ വിലയിരുത്താൻ കഴിവുള്ളവരെ ജഡ്ജസായി കണ്ടെത്തണം, അവർക്ക് സമയം വേണം. അക്കാഡമിയുടെ നിർവാഹക സമിതി നിയമിക്കുന്ന ഏഴു ജഡ്ജസാണിത് ചെയ്യുന്നത്. ഗൗരവപൂർവം വായിക്കുന്നവർ. ഓരോ വിഭാഗത്തിലും പ്രസക്തികൊണ്ടും പുതുമകൊണ്ടും ഏറ്റവും നല്ല പത്തെണ്ണം തിരഞ്ഞെടുക്കുകയാണ് ഷോർട്ട്ലിസ്റ്റിംഗിൽ നടക്കുന്നത്. പ്രസിഡന്റ് നിയമിക്കുന്ന ഉന്നതരായ മൂന്നു ഫൈനൽ ജഡ്ജസാണ് ഷോർട്ട്ലിസ്റ്റ് ചെയ്ത പുസ്തകങ്ങൾ പിന്നീടു വായിക്കുന്നത്. ഏത് അവാർഡിനുവേണ്ടി ഏതു ജഡ്ജ് മൂല്യനിർണ്ണയം ചെയ്യുന്നുവെന്ന് ലൈബ്രറി സ്റ്റാഫിനുപോലും അറിയില്ല.
ചുരുക്കപ്പട്ടികയിൽ ഉള്ളവ പലതും മികച്ച സൃഷ്ടികളാകാം, പക്ഷേ പുരസ്കാരം ഒന്നല്ലേയുള്ളൂ. കിട്ടുന്നത് അർഹതയുള്ള ഒന്നിനായിരിക്കണം. എന്നാൽ, പ്രസിഡന്റ് എന്ന നിലയിൽ ഒരു കാര്യം എനിക്ക് ഉറപ്പു പറയാൻ കഴിയും. യാതൊരുവിധ ഇടപെടലുകളും കഴിഞ്ഞ നാലു വർഷത്തിൽ അനുവദിച്ചിട്ടില്ല. സ്വാധീനം ചെലുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നല്ല പറയുന്നത്, അങ്ങനെയുള്ള എല്ലാ ശ്രമങ്ങളും തടഞ്ഞുനിറുത്തിയെന്നാണ്. അക്കാഡമിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിന് സന്തോഷമായിരിക്കുക, അതൃപ്തമായിരിക്കുക എന്ന പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത്. അദ്ധ്യക്ഷനെന്ന നിലയിൽ ഇതുവരെ ചെയ്ത കാര്യങ്ങളിൽ സന്തോഷമുണ്ട്, എന്നാൽ ഇനി ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ഓർക്കമ്പോൾ അതൃപ്തിയുമുണ്ട്. നൂറുശതമാനം സംതൃപ്തി കിട്ടുന്നൊരു കാര്യവും ജീവിതത്തിലില്ല, പക്ഷേ ഏറെക്കുറെ സംതൃപ്തനാണ്. ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്യണമെന്ന് മനസിലുള്ളപ്പോൾ, എങ്ങനെയാണ് പൂർണ സംതൃപ്തനാവാൻ കഴിയുക?
റെയിൽവേ ജോലി തന്ന ജീവിത വീക്ഷണം
1964ൽ സ്റ്റേഷൻമാസ്റ്ററായി ദക്ഷിണ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷനുകളിലേക്കുള്ള യാത്രയായിരുന്നു എന്റെ ജീവിതം. ആന്ധ്രയിലും കർണ്ണാടകത്തിലും തമിഴ്നാടിലും കേരളത്തിലുമായി ഏകദേശം നൂറു സ്ഥലങ്ങളിൽ താമസിച്ചു. ലഭിച്ചത് ഇന്ത്യയിലെ അതിസാധാരണക്കാരായ മനുഷ്യരുമായി അടുത്തിടപഴകാനുള്ള അവസരമാണ്. ജീവിതത്തെക്കുറിച്ചുള്ളൊരു വീക്ഷണം രൂപീകരിക്കാൻ ഇതെന്നെ സഹായിച്ചു. ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ പോകാൻ കഴിയാത്ത രാത്രികളിൽ ഞാൻ പ്ലാറ്റ്ഫോമിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത ബെഞ്ചിൽ കിടക്കുന്നത് ചിലപ്പോൾ ഒരു ഭിക്ഷക്കാരനായിരിക്കും, അല്ലെങ്കിൽ ദരിദ്രനായൊരു കർഷകൻ. സർവസാധാരണമായ ഇന്ത്യ എന്താണെന്നു ഞാൻ മനസിലാക്കുകയായിരുന്നു. എന്റെ അനുഭവങ്ങളിൽ മഹാൻമാരില്ല, ചരിത്ര സംഭവങ്ങളുമില്ല, സാധാരണ ജീവിതങ്ങളേയുള്ളൂ. ഈ ജീവിത വീക്ഷണമാണ് എന്റെ എഴുത്തുകൾക്ക് ആധാരം.
(ലേഖകന്റെ ഫോൺ:9048938222)