pic

കാൺപൂർ: ഉത്തർ പ്രദേശിലെ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയെ പടികൂടാൻ റെയ്ഡ് നടത്തുന്നതിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സേനയ്ക്ക് ഉളളിൽ നിന്നു തന്നെ റെയ്ഡ് സംബന്ധിച്ച വിവരം വികാസിന് ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥൻ എഴുതിയ കത്തിൽ പറയുന്നു. കത്തിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. റെയ്ഡിന് പോയ ഡി എസ് പി ദേവേന്ദ്ര കുമാർ മിശ്ര ഉൾപ്പെടെ ഏഴ് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. പൊലീസിൽ നിന്നു തന്നെ പ്രതിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നതിന് തെളിവാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ എഴുതിയ കത്ത്.


ഡി എസ് പി ദേവേന്ദ്ര കുമാർ മിശ്ര മൂന്ന് മാസം മുമ്പ് അന്നത്തെ കാൺപൂർ പൊലീസ് മേധാവിക്ക് എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്. വികാസ് ദുബെയും കുട്ടരും വെടിവച്ചു കൊല്ലുന്നതിന് മുമ്പ് എഴുതിയതാകാം ഈ കത്തെന്നാണ് പൊലീസിന്റെ നിഗമനം. വിനയ് തിവാരി എന്ന പൊലീസുകാരനാണ് വിവരങ്ങൾ ചോർത്തിയതെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും ദേവേന്ദ്ര കുമാർ മിശ്ര കത്തിൽ പറഞ്ഞിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി ഇയാളെ സ്‌സ്‌പെന്ഡ് ചെയ്തു.

കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യമറിയാമെന്നും, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എസ് പി ഓഫീസിലും മറ്റും രേഖകൾക്കായി തിരച്ചിൽ നടത്തിയെന്നും എന്നാൽ കത്ത് സംബന്ധിക്കുന്ന യാതൊരു രേഖകളും പൊലീസ് റെകോഡ്സിൽ ഇല്ലെന്നും കാൺപൂർ പൊലീസ് മേധാവി ദിനേശ് കുമാർ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തുമെന്നും ശക്തമായ നടപിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


കൊലക്കേസ് പ്രതിയായ വികാസിനെ അറസ്റ്റ് ചെയ്യാൻ മൂന്നു പൊലീസ് സ്റ്റേഷനിൽ നിന്നുളള 50 പൊലീസുകാരുമായാണ് ദേവേന്ദ്ര കുമാർ മിശ്ര റെയ്ഡ് നടത്തിയത്. റെയ്ഡ് വിവരം നേരത്തെ അറിഞ്ഞ വികാസും സംഘവും മറഞ്ഞിരുന്നു വെടി ഉതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് ‌‌ഡി എസ് പി ഉൾപ്പെടെ ഏഴ് പൊലീസുകാർ മരണപ്പെട്ടിരുന്നു. പൊലീസിൽ നിന്നു തന്നെ റെയ്ഡ് വിവരം ചോർന്ന സംഭവം ഉത്തർ പ്രദേശ് പൊലീസിനാകെ മാനക്കേടുണ്ടാക്കിയിരിക്കുകയാണ് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, കലാപം എന്നിവയുൾപ്പെടെ 60ൽ അധികം കേസുകളാണ് വികാസ് ദുബെയെക്ക് എതിരെയുളളത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലാണ്.