മലയാള സിനിമ പ്രേക്ഷകരെ ഏറെ കരയിപ്പിച്ച സിനിമയായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ ഇന്നും ഒരു നോവായി ആരാധകരുടെ ഉള്ളിലുണ്ട്. ആ വേദന പിറവിയെടുത്തിട്ട് ഇന്നേക്ക് 31 വർഷം തികയുകയാണ്.
ഒരുപക്ഷേ സേതുമാധവനായിരിക്കും ലോഹിതദാസിന്റെ കഥാപാത്രങ്ങളിൽ മലയാളികളെ ഏറ്റവും കൂടുതൽ കുത്തിനോവിച്ചത്. ലോഹിതദാസിന്റെ മകൻ വിജയ് ശങ്കർ ലോഹിതദാസ് സേതുവിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു മകനായും സഹോദരനായും കാമുകനായും ജീവിതവേഷങ്ങൾ പൂർണതയിൽ നിറഞ്ഞാടിയ ഒരു പാവമായിരുന്നു അയാൾ. സ്നേഹനിധിയായ അച്ഛനെ നടുതെരിവിലിട്ടു ആളുകൾ നോക്കിനിൽക്കേ മർദിക്കുന്നതു കണ്ട് മുൻപിൻ ചിന്തകളില്ലാതെ പ്രതികരിച്ചുപോയ ഒരു മകൻ, അവിടെ മാറിമറയുകയായിരുന്നു അയാളുടെ ജീവിതം. നാടും നാട്ടുകാരും അജയ്യനെന്നു കരുതിയ അസുരനെ വീഴ്ത്തിയ ആ രാജകുമാരന് ഒരു കിരീടം ചാർത്തികൊടുത്തു..
രാമപുരം സേതു..!!
സ്വപ്നങ്ങളുടെ കടൽ താണ്ടാൻ കൊതിച്ചവന് നീന്തിക്കടകൻ വിധിക്കപ്പെട്ടത് വൈതരണി ആയിരുന്നു. ആ വേദന പിറവിയെടുത്തിട്ടു ഇന്നേക്ക് 31 വർഷം.