ian

ന്യൂയോർക്ക്: ദിവസവും പതിനായിര കണക്കിന് പുതിയ കൊവിഡ് രോഗികൾ ഉണ്ടാകുന്ന അമേരിക്കയിൽ രോഗത്തെ കീഴടക്കുവാൻ നിരവധി കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ആയിരങ്ങൾ ദിനവും മരിച്ച് വീഴുമ്പോഴും പ്രതിരോധിക്കാനാകാതെ ഉഴറുന്ന അമേരിക്ക എന്ന സ്വന്തം രാജ്യത്തെ കണ്ട് പ്രതിവിധിയായ വാക്‌സിനു വേണ്ടിയുള‌ള പരീക്ഷണത്തിന് സ്വയം വിട്ടുനൽകി ഇയാൻ ഹെയ്‌ഡൻ എന്ന 29കാരൻ.

മോഡേണ എന്ന വാക്‌സിൻ കമ്പനിയുടെ കൊവിഡ് വാക്‌സിൻ വികസനത്തിന് ആദ്യ ഘട്ടത്തിൽ പരീക്ഷണത്തിന് തയ്യാറായ 45പേരിൽ ഒരാളാണ് ഇയാൻ. അമേരിക്കൻ നഗരമായ സിയാ‌റ്റിലിലെ ഒരു ബയോ ടെക് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ ജോലി ചെയ്യുകയാണ് ഇയാൻ. ഓഫീസിലെ വാക്‌സിൻ ട്രയലിനായുള‌ള ആളുകളെ തേടുകയായിരുന്നു.18നും 55നുമിടയിലുള‌ള ആളെയാണ് ആവശ്യം. പരീക്ഷണത്തിന് തയ്യാറായി ഇയാൻ തന്റെ രക്തം നൽകി. വൈകാതെ പരീക്ഷണം ആരംഭിച്ചു. 28 ദിവസം ഇടവിട്ട് രണ്ട് വാക്സിനുകൾ കുത്തിവച്ചു. ആദ്യ ഘട്ടത്തിൽ കുത്തിവച്ച ശേഷം ഗവേഷകർ വാക്‌സിന്റെ പ്രതികരണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകി. ഏറ്റവുമധികം ഡോസ് കുത്തിവച്ചത് ഇയാനെയായിരുന്നു. ശേഷം പാർശ്വഫലങ്ങൾ എഴുതാൻ ഒരു ഡയറിയും ചൂട് അളക്കാൻ തെർമോമീ‌റ്ററും നൽകി. ആദ്യ 28 ദിനം പക്ഷെ കുഴപ്പമൊന്നുമില്ലാതെ പോയി.

രണ്ടാമതും വാക്‌സിൻ കുത്തിവച്ചതോടെ വൈകാതെ ഇയാന് കൈയിൽ വേദനയുണ്ടായി. മനംപുരട്ടലും തലവേദനയും പേശീ വേദനയുമുണ്ടായി. താമസിയാതെ വലിയ പനി ബാധിച്ച് ഇയാനെ ആശുപത്രിയിലാക്കി. പിന്നീട് അസ്വസ്ഥതകൾ ഭേദമായതും തിരികെ വീട്ടിലേക്ക് മടങ്ങി. പിന്നീടും അസ്വസ്ഥതകളുണ്ടായി. മ‌റ്റ് രണ്ടുപേർക്കും ഇതുപോലെ തന്നെ വാക്‌സിനോട് പ്രതികരണമുണ്ടായി. മോഡേണ കൂടിയ ഡോസിലുളള അളവിൽ മരുന്ന് നൽകുന്നത് വൈകാതെ നിർത്തി. അവർ രണ്ടാം ഘട്ട വാക്‌സിൻ പരീക്ഷണത്തിലേക്ക് കടന്നു. ചെറിയ അളവിൽ നൽകുമ്പോൾ തന്നെ ആന്റിബോഡി നി‌ർമ്മിക്കപ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ 600 പേരിലാണ് വാക്‌സിൻ പരീക്ഷണം നടത്തുക. മൂന്നാം ഘട്ടത്തിൽ 30,000 പേരാണ് പരീക്ഷണ വിധേയരാകുക. അടുത്ത വർഷം ജൂൺ വരെയാണ് ഇയാൻ ഹെയ്ഡന്റെ ഒന്നാംഘട്ട വാക്‌സിൻ പരീക്ഷണ കാലം. പന്ത്രണ്ടോളം കമ്പനികളാണ് മോഡേണയെപോലെ വാക്‌സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഓരോ ചെറിയ പരീക്ഷണങ്ങളും കടന്ന് മഹാമാരിയായ കൊവിഡിനെ പിടിച്ചുകെട്ടാനാകും എന്ന പ്രതീക്ഷയോടെ.