shibu

കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ രംഗത്തെത്തി. സ്വപ്ന സുരേഷ് ഓഫീസിലെ നിത്യ സന്ദർശകയായിരുന്നു എന്നും ഷിബു ബേബിജോൺ ആരോപിച്ചു. ''സ്വർണക്കടത്തുകേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്നയ്ക്ക് പ്ളസ് ടു വിദ്യാഭ്യാസവും അറബിക്കും മാത്രമാണ് യോഗ്യതയുള‌ളത്. അങ്ങനെയുള‌ള ഇവർക്ക് ഐ ടി സ്ഥാപനത്തിലെ ഉന്നത ജോലിയിൽ എങ്ങനെ നിയമനം കിട്ടി?. കെ. ഫോൺ പോലുള്ള പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനത്തിലാണ് ഇവർക്ക് നിയമനം ലഭിച്ചത്. ഈ സ്ഥാപനത്തിൽ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇവർ ജോലിചെയ്യുന്ന തസ്തിക സ്ഥിരപ്പെടുത്താനുള‌ള തീരുമാനമായിരുന്നു അത്. സംസ്ഥാന ഗവൺമെന്റിന്റെ എംബ്ളം പതിപ്പിച്ച വിസിറ്റിംഗ് കാർഡ് തയ്യാറാക്കാൻ ഇവർക്ക് ആരാണ് അനുമതി നൽകിയത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ ടി വകുപ്പിനെതിരെയാണ് ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും അധികം അഴിമതി ആരോപണങ്ങൾ നേരിടേണ്ടിവന്നത് ''-ഷിബു ബേബിജോൺ പറഞ്ഞു.

നേരത്തേ പ്രതിപക്ഷ നേതാവും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം സ്വർണക്കടത്ത് കേസിൽ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഐ ടി സെക്രട്ടറി ശിവശങ്കർ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. മുഖ്യമന്ത്രി കൈവിട്ടു എന്ന് കണ്ടതിന് പിന്നാലെയാണ് ശിവശങ്കർ അവധി അപേക്ഷ നൽകുന്നത്.