ഏത് പാട്ടാ പാടുക? മലയാളം വേണോ? ഹിന്ദി വേണോ? തമിഴ് വേണോ?"" 'ഹാപ്പി വെഡിംഗ് "എന്ന സിനിമയിലെ ഈ ഡയലോഗ് അത്ര വേഗം ആരും മറക്കാൻ ഇടയില്ല. ഒപ്പം ആ സീനിൽ തകർത്ത് അഭിനയിച്ച ഗ്രേസ് ആന്റണിയെയും. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ നടി പിന്നെ കൈയടി വാങ്ങിയത് 'കുമ്പളങ്ങി നൈറ്റ്സ്" എന്ന സിനിമയിലാണ്. കഥയിലെ നിർണായക ഘട്ടത്തിൽ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ച് സിമി പ്രേക്ഷകരുടെ മനം കവർന്നു. ലോക്ക് ഡൗൺ കാലഘട്ടം കഴിഞ്ഞപ്പോൾ ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ ഗ്രേസ് ആന്റണി. ഇത്തവണ അഭിനേത്രിയായിട്ടല്ല, സംവിധായകയുടെ കുപ്പായത്തിലാണ് ഗ്രേസ് തിളങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ക്നോളജ്" എന്ന ചെറുചിത്രം ഒരാഴ്ചയ്ക്കുള്ളിൽ കണ്ടത് ഏഴു ലക്ഷത്തിലധികം പേരാണ്.
സംവിധാനം എന്ന ചിന്ത എപ്പോഴാണ് മനസിൽ വന്നത്?
പണ്ടുതൊട്ടേ മനസിലുണ്ടായിരുന്നു. 'പാവാട" എന്ന സിനിമയുടെ മ്യൂസിക് ഡയറക്ടർ ആയിരുന്ന എബി ചേട്ടനോടാണ് ഇത് ആദ്യം പറയുന്നത്. കഥ ചെയ്യാം എന്നു പറഞ്ഞത് ചേട്ടനാണ്. എന്നിട്ട്, എന്നോടു തന്നെ ഡയറക്ട് ചെയ്യാനും പറഞ്ഞു. എനിക്ക് സംവിധാനത്തെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലെന്നു പറഞ്ഞെങ്കിലും എബി ചേട്ടൻ വിട്ടില്ല. ആള് തന്നെ പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞു. അങ്ങനെയാണ് ഇത് സംഭവിച്ചത്. കഥ നേരത്തെ എഴുതി വച്ചതായിരുന്നു. പിന്നെ പെട്ടെന്ന് അത് സ്ക്രിപ്റ്റാക്കി.
ക്നോളജിലെ മിടുക്കികളെ എങ്ങനെ കണ്ടെത്തി?
ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ചത് ആ മിടുക്കികൾക്ക് തന്നെയാണ്. രണ്ടുപേരും എന്റെ കസിൻസാണ്, അഹിന, അൻഹിര എന്നാണ് പേര്. ഈ സിനിമ പ്ലാൻ ചെയ്തു കഴിഞ്ഞാണ് അതിലെ കുട്ടികളെക്കുറിച്ച് ചിന്തിക്കുന്നത്. കഥ എഴുതിയത് തറവാട്ടിൽ വച്ചായിരുന്നു. അപ്പോൾ അക്കു അവിടെയുണ്ട്. അഭിനയിക്കാമോ എന്നു ചോദിച്ചപ്പോൾ അവൾക്ക് വളരെ സന്തോഷം. മാളുവിന്റെ കഥാപാത്രത്തിനായി കുറച്ചു ഓഡിഷൻ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അപ്പോഴാണ് അക്കുവിന്റെ കൂട്ടുകാരി മാളുവിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്. മാളുവും എന്റെ സെക്കൻഡ് കസിനാണ്. അക്കുവും മാളുവും ശരിയ്ക്കും നല്ല കൂട്ടാണ്. മാളു അഭിനയിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. കുറച്ചു ഭാഗങ്ങൾ വെറുതെ ചെയ്യിപ്പിച്ചു നോക്കിയപ്പോൾ അവർ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്ന് മനസിലായി. അങ്ങനെ ഇവരെ തന്നെ അങ്ങ് ഉറപ്പിച്ചു.
ക്നോളജ് എന്ന പേരിലേക്ക് എത്തിയത്?
കുട്ടിയായിരുന്നപ്പോൾ ഞാനും ആ വാക്ക് അങ്ങനെയാണ് പറഞ്ഞിരുന്നത്. കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആകുമ്പോൾ ഇത്തരം ഒരു പേരാകും നല്ലതെന്ന് തോന്നി.
ഇനി എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുന്നത്?
ഉടനെ അങ്ങനെയുള്ള ചിന്ത ഇല്ല. ചിത്രം ഇത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്നറിയില്ല. 'ഹലാൽ ലവ് സ്റ്റോറി" യാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. തിയറ്ററുകൾ തുറന്നാൽ ആ ചിത്രം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി ഷൂട്ട് ചെയ്യാനുള്ളത് 'സിംപ്ലി സൗമ്യ" എന്ന ചിത്രമാണ്. ഞാനും ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തിൽ. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ അഭിലാഷേട്ടനാണ് അതു സംവിധാനം ചെയ്യുന്നത്.