ട്യൂഷൻ ക്ലാസിൽ രണ്ടാഴ്ച കാണാത്തതുകൊണ്ടാണ് സനൽസാർ വിപിന്റെ വീട്ടിലെത്തിയത്. ഫീസ് വല്ലപ്പോഴുമേ തരൂ. പക്ഷേ പഠിക്കാൻ ബഹുമിടുക്കൻ. കായികമത്സരങ്ങളിൽ താല്പര്യം. വെയ്റ്റ് ലിഫ്റ്റിംഗിലാണ് കൂടുതൽ കമ്പം. ശരീരം കണ്ടാൽ അതു തോന്നില്ല. അച്ഛന് അതിൽ തീരെ താല്പര്യമില്ല. ഒരു സ്വകാര്യ കമ്പനിയിൽ ചെറിയജോലി. മൂക്കുപ്പൊടി, മുറുക്കാൻ, പുകവലി, മദ്യപാനം അങ്ങനെ ആവശ്യത്തിലധികം ദുശ്ശീലങ്ങൾ അച്ഛനുണ്ട്. മനുഷ്യനായാൽ എന്തെങ്കിലും ദുശ്ശീലം വേണമത്രേ. അല്ലെങ്കിൽ ദൈവമായി പോകുമെന്നാണ് അയാളുടെ പക്ഷം. ക്ലാസ് വിട്ടുകഴിയുമ്പോൾ ചില ദിവസങ്ങളിൽ വിപിൻ സ്വന്തം ജീവിതദുരിതങ്ങൾ സനൽസാറിനോട് മാത്രം പറയാറുണ്ട്.
ഭാരോദ്വഹനത്തിൽ താല്പര്യമുണ്ടെങ്കിൽ ഉപേക്ഷിക്കേണ്ട, അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കാം. ഭാവിയിൽ ഒരു പക്ഷേ ഒരു ദേശീയതാരമായാലോ എന്ന് സാർ പ്രോത്സാഹിപ്പിക്കുമ്പോൾ വിപിന്റെ മുഖം വാടും. ഭാവിയിൽ ജീവിതഭാരം ആവോളം ചുമക്കേണ്ടവനാ. അതിന്റെ കൂടെ വേറെ ഭാരം ചുമക്കാൻ പരിശീലിക്കണോ എന്നാണത്രേ അച്ഛന്റെ ചോദ്യം.
വിപിന്റെ അച്ഛനെ പറഞ്ഞ് സമ്മതിപ്പിക്കാൻ പ്രതീക്ഷയോടെയാണ് സനൽസാർ എത്തിയത്. രണ്ടാഴ്ചമുമ്പ് കണ്ടതിനെക്കാൾ വിപിൻ ക്ഷീണിച്ചിരിക്കുന്നു. സന്തോഷവും പുഞ്ചിരിയും ആ മുഖത്ത് അസ്തമിച്ചിരിക്കുന്നു. വിപിന്റെ അമ്മയാണ് വീട്ടിലെ മാറിയ സ്ഥിതി അവതരിപ്പിച്ചത്. രണ്ടാഴ്ചമുമ്പ് വിപിന്റെ അച്ഛൻ റോഡിലൊന്നുവീണു. ചെറിയൊരു വീഴ്ച. പക്ഷേ അത് നിസാരമല്ലെന്ന് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് വ്യക്തമായത്. നട്ടെല്ലിനാണ് ക്ഷതം. ഈശ്വരാധീനമുണ്ടെങ്കിൽ ഭാഗീകമായി നടക്കാനാകും. ഒരു ഓപ്പറേഷൻ കഴിഞ്ഞാലേ അതിന്റെ സാദ്ധ്യതപറയാനാകൂ. ഇപ്പോൾ ഒരേ കിടപ്പാണ്. വിപിനാണ് അച്ഛനെ താങ്ങി ടോയ്ലറ്റിൽ കൊണ്ടുചെന്നാക്കുന്നത്. തൊണ്ണൂറ്രഞ്ചുകിലോ ഭാരം. അവനെക്കൊണ്ടുമാത്രം പറ്റുമോ? അല്ലാതെന്തുവഴി? ഉറ്റവരിൽ ചിലരൊക്കെ ആദ്യത്തെ ഒരാഴ്ചയുണ്ടായിരുന്നു. അതുകഴിഞ്ഞ് അവരൊക്കെ പോയി. അവർക്കുമില്ലേ ജീവിതഭാരങ്ങൾ. അമ്മ ദുരിതങ്ങൾ പറഞ്ഞപ്പോൾ വിപിന്റെ മുഖം വിളറുന്നത് സനൽസാർ ശ്രദ്ധിച്ചു.
അകത്തെ മുറിയിൽ പോയി അച്ഛനെ കണ്ട് സനൽസാർ ഇറങ്ങുമ്പോൾ വിപിൻ ടെസ്റ്റ് പേപ്പറുകളുടെ മാർക്കാണ് ചോദിച്ചത്. എല്ലാവിഷയത്തിനുമുണ്ട് ഉന്നതമാർക്ക്. അവന്റെ നനഞ്ഞകണ്ണുകളിൽ മിന്നാമിനുങ്ങിന്റെ വെട്ടം പരക്കുന്നതുപോലെ. ഇതെല്ലാം കഴിയട്ടെ വിപിന്റെ ആഗ്രഹം സാധിച്ചുതരാം എന്ന് പറയുമ്പോഴേക്കും വിപിൻ ഗുരുവിനെനോക്കി നെടുവീർപ്പിട്ടു. ആ ആഗ്രഹം ഉപേക്ഷിച്ചിട്ട് രണ്ടാഴ്ചകഴിഞ്ഞു. ഇപ്പോൾ സ്നേഹത്തോടെ അച്ഛന്റെ ശരീരഭാരം ചുമക്കുന്നു സന്തോഷത്തോടെ അവൻ പറഞ്ഞു.സനൽസാർ വാത്സല്യത്തോടെ അവന്റെ ശിരസിൽ തലോടി. അകത്ത് അച്ഛൻ ചുമച്ചപ്പോൾ വിപിന്റെ മുഖം വാടി. ഇപ്പോൾ അച്ഛനെപ്പോഴും ദേഷ്യമാ എല്ലാവരോടും. പാവം ഒരേ കിടപ്പായതുകൊണ്ടാകാം അല്ലേ സാർ. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അടുത്തനിമിഷം മറുപടി നൽകാറുള്ള സനൽ വിപിന്റെ നിഷ്ക്കളങ്കമുഖത്ത് നോക്കി ഉത്തരം മുട്ടിനിന്നു.
(ഫോൺ : 9946108220)