കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. ഫ്രാങ്കോ സമർപ്പിച്ച വിടുതൽ ഹർജി ഹൈക്കോടതി തളളി. വിചാരണ നടത്താൻ തക്ക തെളിവുകളുണ്ടെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനിൽക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളിൽ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം.
കേസ് നീട്ടികൊണ്ടുപോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ഹർജി കോട്ടയം സെഷൻസ് കോടതിയും നേരത്തേ തളളിയിരുന്നു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018 ജൂണിലാണ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പരാതി നൽകിയത്.