കോട്ടയം: ഇടതുമുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിലുളള ചർച്ചകൾ താൽക്കാലികമായി നിറുത്തിവയ്ക്കാൻ ജോസ് കെ മാണി പക്ഷത്തിന്റെ തീരുമാനം. സ്വർണക്കടത്തുകേസിൽ സർക്കാരിനെതിരെ ആരോപണമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇപ്പോൾ ചർച്ച നടത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്നുകണ്ടാണ് ഇൗ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്തിനെക്കുറിച്ച് തൽക്കാലം പ്രസ്താവനകളൊന്നും നടത്തേണ്ടെന്നും തീരുമാനമെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രസ്താവന നടത്തുന്നത് പ്രശ്നമാവുമെന്ന് കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ജാേസ് പക്ഷവും ഇടതുമുന്നണിയുമായി താഴേത്തട്ടിലുളള ചർച്ചകൾ സജീവമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇടതുമുന്നണിയിലേക്കുളള പ്രവേശനം എന്നായിരുന്നു റിപ്പോർട്ടുകൾ. ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ സി പി ഐ എതിർക്കുകയാണ്.