usa

വാഷിങ്ടൺ: ഇന്ത്യ-ചൈന സംഘർഷത്തിലും മറ്റ് സംഘർഷ മേഖലകളിലും അമേരിക്കൻ സേന ശക്തമായി തന്നെ നിലകൊള‌ളുമെന്ന് വൈ‌റ്റ്ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫ് മാർക് മീഡോസ് അഭിപ്രായപ്പെട്ടു. ദക്ഷിണ ചൈന കടലിലേക്ക് അമേരിക്കൻ സേന രണ്ട് വിമാനവാഹിനി കപ്പൽ അയച്ചിട്ടുണ്ട്.അമേരിക്കൻ സേന തയ്യാറാണെന്ന സന്ദേശം എതിർ രാജ്യങ്ങൾക്ക് അങ്ങനെ നൽകും. ലോകത്തെ ഏറ്റവും ശക്തമായ സേന അമേരിക്കയുടേത് തന്നെയാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ തങ്ങളെന്നും മാർക് അഭിപ്രായപ്പെട്ടു.

ദക്ഷിണ ചൈനീസ് കടലിലെ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ചൈന നിരന്തരം സംഘർഷ പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ധാതുക്കളും, എണ്ണ, പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ദക്ഷിണചൈന കടൽ. ലോക വ്യാപാരമേഖലയിൽ പ്രധാന ഭാഗമാണിത്. ഇവിടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ചൈന അവകാശവാദം ഉന്നയിക്കാറുണ്ട്. ഇതിനെതിരെ വിയ‌റ്റ്നാം, ഫിലിപ്പൈൻസ്,മലേഷ്യ,ബ്രൂണായ്, തായ്‌വാൻ എന്നീ രാജ്യങ്ങൾ പ്രതികരിച്ചിട്ടുമുണ്ട്.

ഇന്ത്യ-ചൈന സംഘർഷത്തിന്റെ ബാക്കിയായി ഇന്ത്യ ചൈനീസ് ആപ്പുകളെ നിരോധിച്ച തീരുമാനത്തിൽ ഇന്ത്യക്കൊപ്പമാണ് അമേരിക്ക. ഇന്ത്യൻ സൈനികർ മരണപ്പെട്ടതിന്റെ പ്രതികരണമാണിത്. ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ചുള‌ള ചോദ്യങ്ങൾക്ക് മാർക് മീഡോസ് പറഞ്ഞു.

നിലവിൽ ഗാൽവൻ വാലിയിലും ഗോഗ്രയിലുമുള‌ള സേനയെ ചൈന കുറച്ച് ദൂരം പിൻവലിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ നടപടി.