ബംഗളൂരു: കൊവിഡ് മഹാമാരിക്കിടയിൽ അമേരിക്കയിൽ കുടുങ്ങിയ ഇരുന്നൂറോളം ജീവനക്കാരെയും കുടുംബങ്ങളെയും ഇൻഫോസിസ് തിരികെ കൊണ്ടുവന്നു. ചാർട്ടേഡ് ഫ്ലൈറ്റ് വഴി സാൻഫ്രാൻസിസ്കോയിൽ നിന്ന് പറന്നുയർന്ന ഇവർ തിങ്കളാഴ്‌ചയാണ് ബംഗളൂരുവിലെത്തിയത്. അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെയും ചില മീറ്റിംഗുകൾക്കോ പരിപാടികൾക്കോ യു.എസിലേക്ക് പോയ ചിലരെയുമാണ് ഇൻഫോസിസ് തിരികെയെത്തിച്ചത്.
കൊവിഡ് വന്നതോടെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താത്ക്കാലികമായി നിർത്തിവച്ചിരുന്നു. അതിനിടെയാണ് അനിശ്ചിതാവസ്ഥയുമായി ബന്ധപ്പെട്ട ആഴ്ചകളോളം നീണ്ട പ്രതിസന്ധി അവസാനിപ്പിച്ച് കമ്പനി ഇരുന്നൂറോളം ജീവനക്കാരെ തിരികെയെത്തിച്ചത്.
'ജോലിസ്ഥലത്തെ അനുകമ്പയുള്ള മുതലാളിത്തം!' എന്ന് കമ്പനി സഹസ്ഥാപകൻ നന്ദൻ നിലേകനി ഒരു ജീവനക്കാരന്‍റെ പോസ്റ്റ് റീട്വീറ്റ് ചെയ്തത് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഐ.ടി സേവന സ്ഥാപനങ്ങൾക്ക് അവരുടെ വരുമാനത്തിന്‍റെ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന വിപണിയാണ് യു.എസ്. വടക്കേ അമേരിക്കയിൽ നിന്ന് വലിയ തോതിലുള്ള വരുമാനമാണ് ഇൻഫോസിസിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം, അരിസോണയിലെ ഫീനിക്സിൽ ഒരു അമേരിക്കൻ സെന്‍റർ ഇൻഫോസിസ് ആരംഭിച്ചിരുന്നു.