ജീവിത സാഹചര്യം മാറുന്നതിനനുസരിച്ച് ഭക്ഷണകാര്യത്തിലും നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. കുട്ടികൾക്ക് ഇന്ന് ഏറെ പ്രിയം ഫാസ്റ്റ് ഫുഡിനോടും ജങ്ക് ഫുഡിനോടുമാണ്. വീടുകളിൽ പാകം ചെയ്യുന്ന നാടൻ ആഹാരത്തിന്റെ രുചി അറിയാനും ഹോട്ടലിനെ ഹോം ഷെഫിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് ടെക്നിക്കൽ യുഗത്തജീവിക്കുന്ന മാതാപിതാക്കളും കുട്ടികളും. കുട്ടിയുടെ ബുദ്ധിക്കും ആരോഗ്യത്തിനും വളരെയേറെ ദോഷകരമാണ് ജങ്ക് ഫുഡുകൾ.
ശീലമാക്കാം നാടൻ സ്നാക്സ്
അടുത്ത ഷോപ്പിൽ നിന്ന് സ്ഥിരമായി പിസയും ബർഗറും വാങ്ങുന്നതിനു പകരം വീട്ടിൽ തന്നെ വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ ശീലമാക്കാം. നട്ട്സും ശർക്കരയും ചേർന്ന സ്നാക്കസുകൾ കുട്ടികൾക്ക് സ്ഥിരമായി നൽകുന്നത് അവരുടെ ആരോഗ്യത്തിനും ബുദ്ധി വളർച്ചയ്ക്കും സഹായിക്കും. ഓയിലി ഫുഡിനു പകരം ആവിയിൽ വേവിച്ച കൊഴുക്കട്ട, ഇലയട, തെരളി, കിണ്ണത്തപ്പം എന്നിവ കുട്ടികൾക്ക് ശീലമാക്കാം. കൂടാതെ എള്ളുണ്ട, കടല മിഠായി തുടങ്ങിയവയും കുട്ടികളുടെ ആരാഗ്യത്തിന് ശീലമാക്കാം. കൂടാതെ ബദാം, പിസ്ത, കശുവണ്ടി, ഉണക്ക മുന്തിരി എന്നിവയും കുട്ടികളുടെ ഭക്ഷണത്തിലുൾപ്പെടുത്താം.
ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ചെറുമീനുകൾ
ചിക്കൻ വിഭവങ്ങളും മീറ്റ് വിഭവങ്ങളും പതിവാക്കിയ ന്യൂ ജൻ കുട്ടികളുടെ ഡയറ്റ് ചാർട്ടിൽ മീനുകൾക്കും സ്ഥാനം നൽകാൻ ശ്രദ്ധിക്കണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള മത്തി പോലുള്ള ചെറു മീനുകൾ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഓർമ്മ ശക്തി വർദ്ധിപ്പിക്കാനും ഈ മീനുകൾ സഹായിക്കും. കുട്ടകളും മുതിർന്നവരും വറുത്ത മീൻ ഭക്ഷിക്കുന്നതിനെക്കാൾ എപ്പോഴും നല്ലത് കറി വെച്ച് കഴിക്കുന്നതാണ്.
ആൻ ആപ്പിൾ എ ഡേ....
കുട്ടികളുടെ നിത്യാഹാരത്തിൽ നിർബന്ധമായും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ആപ്പിൾ, ഓറഞ്ച്, ഗ്രേപ്സ്, മാങ്ങാപ്പഴം തുടങ്ങിയ പഴവർഗങ്ങൾ കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. എല്ലാ പഴങ്ങളും ചേർത്തടിച്ച് പഞ്ചസാര ഇടാതെ ജ്യൂസായോ ഫ്രൂട്ട് സലാഡായോ കുട്ടികൾക്ക് നൽകാം. പച്ചക്കറികൾ അമിതമായി വേവിച്ച് കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലത്. കൂടാതെ ഇലക്കറികളും കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഗുണകരമാണ്.