വാഷിംഗ്ടൺ: അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വൻ തകർച്ചകൾക്ക് കാരണം ചൈനയാണെന്ന രൂക്ഷവിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് മുമ്പും നിരവധി തവണ ചൈനയ്ക്കെതിരെ സമാനവിമർശനങ്ങളുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയിലും ലോകത്തും വൻതകർച്ചകൾക്ക് കാരണമായത് ചൈനയാണ്. ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 30.41 ലക്ഷം കടന്നതിന് ശേഷമായിരുന്നു ട്രംപിന്റെ ട്വീറ്റ്. കൊവിഡ് ബാധയെ തുടർന്ന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ രാജ്യമാണ് അമേരിക്ക. 1.32 ലക്ഷം ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ചൈനയിൽ നിന്ന് വന്ന വൈറസ് രാജ്യത്തെ ബാധിക്കുന്നത് വരെ നല്ലരീതിയിൽ മുന്നോട്ട് പോയിരുന്ന രാജ്യമാണ് അമേരിക്ക എന്ന് ട്രംപ് കഴിഞ്ഞയിടെ പറഞ്ഞിരുന്നു. കൊവിഡ് വ്യാപിക്കാനരംഭിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുണ്ടായിരുന്ന തർക്കം രൂക്ഷമായിത്തീർന്നു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങൾക്ക് ചൈന വിശദമായ മറുപടി നൽകിയിരുന്നു.