ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.17 കോടി കടന്നു. 5,41,248 മരണം. വിവിധ രാജ്യങ്ങളിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനയുണ്ടായി. കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള അമേരിക്കയിൽ നഗരങ്ങളിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു. 30,41,129 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണം 1,32,993 കടന്നു. അലബാമ, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെന്നിസീ, അലാസ്ക എന്നിവിടങ്ങളിൽ രോഗബാധ ക്രമാതീതമായി ഉയരുകയാണ്.
ബ്രസീലിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ ഉയർച്ചയുണ്ടായി. 16,26,071 പേർക്കാണ് ബ്രസീലിൽ ഇതുവരെ രോഗം ബാധിച്ചത്. 65,556 പേർ മരിക്കുകയും ചെയ്തു. ബ്രസീലിയൻ നഗരങ്ങളിൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ തുറന്നതിനാൽ രോഗ വ്യാപനം ഇനിയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് കൊവിഡിന്റെ പുതിയ ക്ലസ്റ്ററായി മെക്സിക്കോയെ രേഖപ്പെടുത്തി. മെക്സിക്കോയിൽ ഇതുവരെ 2,61,750 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31,119 പേർ മരിക്കുകയും ചെയ്തു. അതേസമയം കൊവിഡ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടതോടെ ലോകാരാജ്യങ്ങളിൽ ആശങ്ക വർദ്ധിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പർക്കത്തിലൂടെ മാത്രമേ കൊവിഡ് പകരൂ എന്നായിരുന്നു നിഗമനം.
ചൈനയിലെത്തും മുമ്പേ കൊവിഡ്?
ലണ്ടൻ: ചൈനയിൽ കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുമുമ്പുതന്നെ കൊറോണ വൈറസ് ലോകമെമ്പാടും നിലവിലുണ്ടായിരുന്നുവെന്ന് ഓക്‌സ്‌ഫോർഡിലെ സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിനിലെ സീനിയർ അസോസിയേറ്റ് ട്യൂട്ടറും, ന്യൂകാസിൽ സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറുമായ ടോം ജെഫേഴ്‌സൺ. അനുകൂല സാഹചര്യങ്ങൾ ഉണ്ടായതിനെ തുടർന്ന് വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ. ചൈനയിൽ വൈറസ് കണ്ടെത്തുന്നതിന് ഒമ്പതുമാസങ്ങൾക്ക് മുമ്പ് 2019 മാർച്ചിൽ ശേഖരിച്ച ബാഴ്‌സലോണയിലെ മലിനജലത്തിന്റെ സാമ്പിളിൽ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു.