clas

വാഷിംഗ്ടൺ: കൊവിഡിന്റെ പശ്ചാത്തലത്തിൽ, ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറിയ വിദേശ വിദ്യാർത്ഥികളെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് അമേരിക്ക. ഇവരുടെ വിസ റദ്ദാക്കും.

യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെന്റാണ് (ഐ.എസ്.ഇ) ഇക്കാര്യം അറിയിച്ചത്. പഠനത്തിനായി നോൺ ഇമിഗ്രന്റ് എഫ്-1, എം-1 വിസകളിൽ അമേരിക്കയിലെത്തിയ വിദ്യാർത്ഥികളെയാണ് ഈ നടപടി ബാധിക്കുക.

പ്രവർത്തനം പൂർണമായും ഓൺലൈനിലേക്ക് മാറ്റിയ സ്‌കൂളുകളിൽ പഠിക്കുന്ന, നോൺ ഇമിഗ്രന്റ് എഫ്-1, എം-1 വിദ്യാർത്ഥികൾ അമേരിക്കയിൽ തുടരരുതെന്നാണ് ഐ.എസ്.ഇയുടെ നിർദേശം. ഇവർ രാജ്യം വിടണം. അല്ലാത്തപക്ഷം, അദ്ധ്യാപകർ നേരിട്ട് ക്ലാസ് എടുക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതും നിയമവിധേയവുമായ മറ്റു സ്‌കൂളുകൾ കണ്ടെത്തണം. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഐ.സി.ഇ വ്യക്തമാക്കി.

അതേസമയം അടുത്ത സെമസ്റ്റർ പ്ലാൻ മിക്ക യൂണിവേഴ്‌സിറ്റികളും കോളേജുകളും വ്യക്തമാക്കിയിട്ടില്ല. എല്ലാ ക്ലാസുകളും ഓൺലൈനാക്കുമെന്ന് ഹാർവാഡ് യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടുണ്ട്. 40 ശതമാനം യു.ജി വിദ്യാർത്ഥികൾക്ക് കാമ്പസിൽ പ്രവേശനം അനുവദിക്കുമെന്നും എന്നാൽ ഇവർക്കും ഓൺലൈന്‍ ക്ലാസുകളായിരിക്കുമെന്നുമാണ് ഹാർവാഡ് പറയുന്നത്. 2018-19ൽ 10 ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിലുള്ളത്. ഇതിൽ കൂടുതൽ പേരും ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.