റാഞ്ചി: അനധികൃത മദ്യ ഫാക്‌ടറിയിൽ റെയ്‌ഡ് നടത്തിയ 42 പൊലീസുകാർ ജാർഖണ്ഡിൽ ക്വാറന്റൈനിലായി. ഉദ്യോഗസ്ഥരിൽ ഒരു ഡെപ്യൂട്ടി സൂപ്രണ്ടും രണ്ട് സ്‌റ്റേഷൻ ഇൻ ചാർജ്ജും ഉൾപ്പെടുന്നു. മദ്യ ഫാക്‌ടറിയിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത രണ്ടുപേരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊലീസുകാർ കൂട്ടത്തോടെ ക്വാറന്റൈനിലായത്. ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം. ഉദ്യോഗസ്ഥരെയെല്ലാം ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കിയെന്നും ഹൈ റിസ്‌ക് വിഭാഗത്തിൽ പെട്ടവർക്ക് അഞ്ച് ദിവസത്തിന് ശേഷവും മറ്റുളളവർക്ക് പിന്നാലെയും കൊവിഡ് ടെസ്‌റ്റ് നടത്തുമെന്നും കോഡെർമ ഡെപ്യൂട്ടി കമ്മിഷണർ രമേശ് ഖോലാപ് പറഞ്ഞു.
റെയിഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ സ്റ്റേഷനുകളായ ചാന്ദ്‌വാരോ, ജയ്‌നഗർ എന്നീ സ്‌റ്റേഷനുകളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതും തടഞ്ഞു. അനധികൃത മദ്യ ഫാക്‌ടറി നിന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോഡെർമ ജില്ലയിൽ ഇതുവരെ 202 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 45 പേർ ചികിത്സയിലാണ്. 156 പേർക്ക് രോഗം ഭേദമായി.