റിയാദ്: സൗദി അറേബ്യയ്ക്ക് ആശ്വാസംപകർന്ന് കൊവിഡ് മുക്തരായ ആളുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്. 1,49,634 ആണ് ആകെ രോഗമുക്തരുടെ എണ്ണം. എന്നാൽ, 4207 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 2,13,716 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 62,114 ആയി കുറഞ്ഞു. ഇതിൽ 2254 പേർ ഗുരുതരാവസ്ഥയിലാണ്. ആകെ മരണം 1968.
കൊവിഡ് സർവേയുമായി ഒമാൻ
മസ്കറ്റ്: ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഈമാസം 12 മുതൽ രാജ്യവ്യാപക കൊവിഡ് -19 സർവേ ആരംഭിക്കുന്നു. ഒമാനിലെ എല്ലാ ഗവർണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും കൊവിഡ് സർവേ. ഇതിന്റെ ഭാഗമായി എല്ലാ സ്വദേശി പൗരന്മാരുടെയും, രാജ്യത്തെ സ്ഥിരതാമസക്കാരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. വിവിധ പ്രായപരിധിയിലുള്ളവരിൽ കൊവിഡ് അണുബാധയുടെ വ്യാപ്തി വിലയിരുത്തുക, ഇതുവരെ രോഗനിർണയം നടത്താത്ത കേസുകൾ നിരീക്ഷിക്കുക, ഗവർണറേറ്റ് തലത്തിൽ അണുബാധയുടെ തോത് കണക്കാക്കുക, രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുടെ നിരക്ക് കണ്ടെത്തുക, അണുബാധയുടെ ആകെ എണ്ണം തിട്ടപ്പെടുത്തുക എന്നിവയാണ് കൊവിഡ് -19 സർവേ കൊണ്ട് ആരോഗ്യ മന്ത്രാലയം ലക്ഷ്യംവയ്ക്കുന്നത്.