കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. കേരള എപ്പിഡമിക് ഓർഡിനൻസ് ഭേദഗതി പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ജനങ്ങൾ കൂട്ടം കൂടുന്ന ഭാഗങ്ങളിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇവയാണ് നിയന്ത്രണങ്ങൾ
ഫ്ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും പൊതുപരിപാടികൾ നടത്തരുത്.
ഫ്ളാറ്റ്, അപ്പാർട്ടുമെന്റുകൾ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളും കൈവരികളും ബ്ളീച്ചിംഗ് പൗഡറും ഹൈപ്പോക്ലോറൈറ്റും ഉപയോഗിച്ച് അണുവിമുക്തമാക്കണം.
പാർക്കുകൾ, ജിമ്മുകൾ നീന്തൽക്കുളങ്ങൾ, ക്ളബുകൾ, റിക്രിയേഷണൽ ഏരിയ എന്നിവ അടച്ചിടണം.
കുട്ടികൾ പൊതു കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾക്ക് വീടിനുള്ളിൽ കളിക്കാനുളള സംവിധാനം ഉറപ്പാക്കണം.
വ്യക്തി ശുചിത്വം, കൊവിഡ് വ്യാപനം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം.
അവശ്യവസ്തുക്കൾ എത്തിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ഫ്ളാറ്റുകളിലെ അസോസിയേഷനുകൾ നടപടികൾ സ്വീകരിക്കണം
ലിഫ്റ്റുകളുടെ ഉൾവശം കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.
ബട്ടണുകൾ, കൈവരികൾ എന്നിവയും വൃത്തിയാക്കണം. ഇതിനൊപ്പം ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങുന്നവർ ഉടൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.
ശുചീകരണം നടത്തുന്ന ജീവനക്കാർക്ക് മാസ്‌ക്, ഗ്ലൗസ്, സോപ്പ്, സാനിറ്റെസർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമനുസരിച്ച് നൽകണം.
കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരും ക്വാറന്റൈനിൽ കഴിയുന്നവരും വീടിന് പുറത്തിറങ്ങുന്നില്ല എന്ന് സെക്യൂരിജീവനക്കാർ ഉറപ്പുവരുത്തണം. ക്വാറന്റൈൻ ലംഘനം കണ്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.
60 വയസിനുമുകളിൽ പ്രായമുള്ളവരെ സെക്യൂരിറ്റി ജോലിക്ക് നിയോഗിക്കരുത്.
മുതിർന്ന പൗരന്മാർ, കാൻസർ, പ്രമേഹ രോഗികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് അപകട സാദ്ധ്യത കൂടുതലാണ്. അതിൽ ഇവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം.