വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ടിക്ടോക് ഉൾപ്പെടെ ചൈനീസ് ആപ്പുകൾ നിരോധിക്കുന്ന കാര്യം തീർച്ചയായും പരിശോധിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
നേരത്തേ അമേരിക്കൻ ഭരണകൂടം ടിക്ടോക്കിന്റെ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെറുപ്പക്കാർ കൂടുതലായി ടിക്ടോക്കിനെ ഉപയോഗിക്കുന്നുവെന്നതാണ് യു.എസിനെ ഭയപ്പെടുത്തുന്ന കാര്യം. അമേരിക്കക്കെതിരെയുള്ള ചാര പ്രവർത്തനങ്ങൾക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ് ആണെന്നാണ് അമേരിക്കയുടെ ആരോപണം.
ഹോങ്കോംഗ് വിപണിയിൽനിന്ന് ടിക്ടോക് പുറത്തുപോയേക്കും
ഹോങ്കോംഗ്: ദിവസങ്ങൾക്കുള്ളിൽ ഹോങ്കോംഗ് വിപണിയിൽ നിന്ന് പുറത്തുപോകുമെന്ന സൂചന നൽകി ചൈനീസ് കമ്പനിയായ ടിക് ടോക്. ടിക് ടോക് വക്താവ് ഇത് സംബന്ധിച്ച സൂചനകൾ റോയിട്ടേഴ്‌സിന് നൽകിയതായാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഉൾപ്പടെയുള്ള മറ്റ് സാങ്കേതിക കമ്പനികൾ ഈ മേഖലയിലെ ഉപഭോക്തൃ ഡാറ്റയ്ക്കുള്ള സർക്കാർ അഭ്യർത്ഥനകൾ താത്കാലികമായി നിറുത്തിവച്ചതായി അറിയിച്ചതിന് പിന്നാലെയാണ് ഹോങ്കോംഗിൽ നിന്ന് പുറത്ത് പോകുന്നു എന്ന റിപ്പോർട്ടുകൾ വന്നത്.
അർദ്ധകേന്ദ്ര ഭരണപ്രദേശമായ ഹോങ്കോംഗിൽ ചൈന ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിനെ തുടർന്നാണ് ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഷോർട്ട് ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ഈ തീരുമാനത്തിലെത്തിയതെന്നാണ് വിവരം.