തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ശിവശങ്കറിനെ മാറ്റി. എം. വൈ സഫറുള്ളയാണ് പുതിയ ഐ.ടി സെക്രട്ടറി.ശിവശങ്കർ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനായി അവധിയ്ക്ക് അപേക്ഷ നൽകിയതിന് പിന്നാലെയാണ് നടപടി. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.
ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റുന്നത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ ഐ.ടി സെക്രട്ടറി സ്ഥാനത്തു നിന്നും എം.ശിവശങ്കറിനെ നീക്കുകയായിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്‍റെ സ്ഥാനചലനം.
അധികാരത്തിലെത്തിയത് മുതൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഐ.ടി സെക്രട്ടറി കൂടിയായ എം ശിവശങ്കർ. സ്പ്രിൻക്ലളറിലടക്കം പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലൊന്നും ശിവശങ്കറിനെ തള്ളിപ്പറയാൻ ഒരിക്കൽ പോലും മുഖ്യമന്ത്രി മുതിർന്നിട്ടില്ല. പക്ഷെ സ്വർണക്കടത്ത് കേസിൽ സംശയ മുന സ്വന്തം ഓഫീസിന് നേരെ തിരിഞ്ഞതോടെ പിണറായിക്ക് നടപടിയെടുക്കാതെ വഴിയില്ലായിരുന്നു
സ്വർണ കടത്ത് കേസിലെ പ്രതികൾക്കൊപ്പം ശിവശങ്കർ നിൽക്കുന്ന ചിത്രമാണ് ആദ്യം പ്രചരിച്ചത്. തൊട്ടുപിന്നാലെ പ്രതികളിലൊരാളായ സ്വപ്നയുടെ താമസ സ്ഥലത്തെ നിത്യ സന്ദർശകനാണ് ശിവശങ്കറെന്ന പ്രദേശ വാസികളുടെ ആക്ഷപം കൂടി വന്നതോടെ സർക്കാർ സമ്മർദ്ദത്തിലായി.