cocaine

മെക്സിക്കോ സിറ്റി : ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന കൊക്കെയ്നുമായി പറന്ന പ്രൈവറ്റ് ജെറ്റ് വിമാനം മെക്സിക്കൻ ഹൈവേയിൽ ഇടിച്ചിറക്കി. വിമാനം പൂർണമായും കത്തി നശിച്ചു. വെനസ്വേലയിൽ നിന്നും പറന്നുയർന്ന ഹോക്കർ 700 വിഭാഗത്തിൽപ്പെട്ട വിമാനമാണ് കഴിഞ്ഞ ദിവസം യൂകാറ്റാൻ മേഖലയിലെ ഹൈവേയിൽ ഇടിച്ചിറക്കിയത്.

വിമാനം മെക്സിക്കൻ വ്യോമപരിധിയിൽ കടന്നത് മുതൽ മെക്സിക്കൻ മിലിട്ടറി കൊക്കെയ്ൻ വിമാനത്തെ നിരീക്ഷിക്കുകയായിരുന്നു. രണ്ട് മിലിട്ടറി വിമാനങ്ങളാണ് കൊക്കെയ്ൻ വിമാനത്തെ പിന്തുടർന്നത്. വിമാനത്തിലുണ്ടായിരുന്നവർ സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. മിലിട്ടറിയിൽ നിന്നും രക്ഷപ്പെടാൻ വിമാനത്തിനുള്ളിലുള്ളവർ തന്നെ ലാൻഡിംഗിന് ശേഷം വിമാനം അഗ്നിക്കിരയാക്കിയതാകാമെന്നും സൂചനയുണ്ട്.

സമീപത്ത് തന്നെ തകർന്ന വിമാനത്തിൽ കടത്താൻ ശ്രമിച്ചതെന്ന് കരുതുന്ന 4.9 ദശലക്ഷം ഡോളർ വിലമതിക്കുന്ന 390 കിലോഗ്രാം കൊക്കെയ്ൻ നിറച്ച ഒരു ട്രക്ക് മിലിട്ടറി അധികൃതർ കണ്ടെടുത്തു. മയക്കുമരുന്ന് കള്ളക്കടത്ത് വ്യാപകമായ മെക്സിക്കോയിൽ തോക്കുകളും കൊക്കെയ്നുമായി വന്ന രണ്ട് വിമാനങ്ങൾ ജനുവരിയിൽ ഇതേ പ്രദേശത്ത് വച്ച് പൊലീസ് പിടിച്ചെടുത്തിരുന്നു.