ന്യൂഡൽഹി : ഇന്ത്യ- ചെെന അതിർത്തി മേഖലയിൽ ഏത് കാലാവസ്ഥയിലും രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണം നടത്താനും യുദ്ധം ചെയ്യാനും തയ്യാറായി ഇന്ത്യൻ വ്യോമസേന. ഇതിന്റെ ഭാഗമായി ഫ്രണ്ട്-ലൈൻ യുദ്ധവിമാനങ്ങൾ, ആക്രമണ ഹെലികോപ്റ്ററുകൾ, മൾട്ടി മിഷൻ ചോപ്പറുകൾ എന്നിവ അതിർത്തിയിൽ സജ്ജമായി കഴിഞ്ഞു. ഇത് യഥാർത്ഥ നിയന്ത്രണ രേഖ ചെെനയുടെ രാത്രികാല നീക്കങ്ങളെ നിരീക്ഷിക്കാൻ സഹായിക്കും.
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനങ്ങൾ, സുഖോയ് -30, അപ്പാച്ചെ എഎച്ച് -64 , ഇ ആക്രമണ ഹെലികോപ്റ്ററുകൾ, സിഎച്ച് -47 എഫ് (ഐ) ചിനൂക്ക് മൾട്ടി-മിഷൻ ഹെലികോപ്റ്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടും.പർവതപ്രദേശങ്ങളിലൂടെയുളള രാത്രികാല നിരീക്ഷണ പറക്കലിനായി ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിൽ ഈ യുദ്ധ വിമാനങ്ങൾ എത്തിക്കഴിഞ്ഞു. എതിരാളിക്ക് ഇന്ത്യൻ വ്യോമസേന നൽകുന്ന സന്ദേശമാണിതെന്നും വ്യോമസേന തങ്ങളുടെ മുഴുവൻ ശക്തിയും ആവശ്യം വന്നാൽ ഉപയോഗിക്കുമെന്നും ലഡാക്കിലെ ഏതൊരു ദൗത്യവും രാപ്പകൽ വ്യത്യാസമില്ലാതെ നടപ്പാക്കാൻ സാധിക്കുമെന്നും വ്യോമസേന മുൻ എയർ ചീഫ് മാർഷൽ ഫാലി എച്ച് മേജർ പറഞ്ഞു. കുന്നുകൾക്ക് മുകളിലൂടെയുളള വിമാന യാത്ര വെല്ലുവിളി നിറഞ്ഞതാണെന്നും പ്രത്യേകിച്ചും കുന്നിൻ നിഴലുകൾ മൂലമുണ്ടാകുന്ന മിഥ്യാധാരണകളും അനുഭവപരിചയത്തെ മറികടക്കുന്ന തെറ്റായ ധാരണയുമാണ് ഏറ്റവും അപകടകരമെന്നും മുതിർന്ന ഹെലികോപ്റ്റർ പൈലറ്റ് ബഹദൂർ പറഞ്ഞു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും ഒന്നര കിലോ മീറ്റർ ചെെനീസ് സൈന്യം പിൻവാങ്ങിയെങ്കിലും അതിർത്തിയിലെ വ്യോമസേന താവളങ്ങൾ പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.38,900 കോടി രൂപയുടെ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞയാഴ്ച അനുമതി നൽകിയത്.