ബംഗളുരു: മൂന്ന് മാസങ്ങൾക്ക് മുൻപ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ചണ്ഡീഗഡിൽ കുടുങ്ങിയ വീട്ടമ്മ തിരികെയെത്തിയപ്പോൾ വൈറസ് ഭീതിയിൽ വീട്ടിൽ പ്രവേശിപ്പിക്കാതെ ഭർത്താവ്. ബംഗളുരുവിലെ ഭർത്താവിനും പത്ത് വയസുകാരൻ മകനും അടുത്തെത്തിയ 38 വയസ്സുകാരിയായ വീട്ടമ്മക്കാണ് ഈ വിഷമാവസ്ഥ ഉണ്ടായത്. പതിനാല് ദിവസം മറ്റെവിടെയെങ്കിലും ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാൽ മതിയെന്നായിരുന്നു ഭർത്താവിന്റെ നിലപാട്. തുടർന്ന് പരാതിയുമായി ബംഗളുരുവിലെ വർത്തൂർ പൊലീസ് സ്റ്റേഷനിലെത്തി വീട്ടമ്മ പരാതിപ്പെട്ടു. പൊലീസ് വീട്ടമ്മയെയും കൂട്ടി എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്.
വീട്ടമ്മയെ പൊലീസ് ബന്ധുക്കളുടെ സംരക്ഷണയിലാക്കി. തുടർന്ന് അർത്ഥരാത്രിയിൽ വീട്ടമ്മ പോയിട്ടുണ്ടാകും എന്ന ധാരണയിൽ മടങ്ങിവന്ന ഭർത്താവിനെ ബംഗളുരു പൊലീസ് കമ്മീഷണർ ഓഫീസിലെ വനിതാ ഹെൽപ്‌ലൈനായ പരിഹാർ വനിതാ സഹായവാണി അംഗങ്ങളെത്തി കൗൺസിലിംഗ് നൽകിയാണ് വീട്ടമ്മയെ വീട്ടിൽ തന്നെ കഴിയാൻ വഴിയുണ്ടാക്കിയത്. സംഭവ ശേഷം വീട്ടമ്മ ഭർത്താവിനെതിരെ കേസ് നൽകിയിട്ടുണ്ട്.