ബീജിംഗ്: ഹോങ്കോംഗിൽ കഴിഞ്ഞ ദിവസം നിലവിൽവന്ന ദേശീയ സുരക്ഷ നിയമത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന് മുന്നറിയിപ്പുമായി ചൈനീസ് സർക്കാർ. 30 ലക്ഷം ഹോങ്കോംഗുകാർക്ക് പൗരത്വം അനുവദിക്കാൻ തയാറാണെന്ന ബ്രിട്ടീഷ് സർക്കാരിന്റെ വാഗ്ദാനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. അനാവശ്യമായ ഇടപെടലാണ് ബ്രിട്ടൻ നടത്തുന്നതെന്നും വാഗ്ദാനം തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടനിലെ ചൈനീസ് അംബാസഡർ ലി സിയാവോ മിംഗ് പറഞ്ഞു. ബ്രിട്ടൻ നടത്തിയ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം ചൈന ഔദ്യോഗികമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1997ൽ ഹോങ്കോംഗ് കൈമാറുമ്പോൾ ഒപ്പുവച്ച കരാറിൽനിന്നുള്ള പിന്മാറ്റമാണ് ദേശീയ സുരക്ഷ കരാർ വഴി ചൈന നടത്തിയതെന്നാണ് ബ്രിട്ടന്റെ വിമർശനം. 50 വർഷത്തേക്ക് നിലവിലെ സ്വാതന്ത്ര്യം ഹോങ്കോംഗിന് അനുവദിക്കണമെന്നായിരുന്നു കരാർ. അതേസമയം, ഹോങ്കോംഗുകാർ ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ കാര്യത്തിൽ ഇടപെടരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് ചൈനയോട് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷ നിയമത്തിൽ ബ്രിട്ടനു പുറമെ യു.എസ്, കാനഡ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.