സാവോ പോളോ : നാലാം തവണയും കൊവിഡ് ടെസ്‌റ്റിന് വിധേയനായി ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ. ബൊൽസൊനാരോയ്ക്ക് കൊവിഡ് സമാനമായ ലക്ഷണങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നാലാമത്തെ പരിശോധന. പരിശോധനാ ഫലം ഇന്നോ നാളയോ പുറത്തുവരും.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. 1,626,071 കൊവിഡ് രോഗികളുള്ള ബ്രസീലിൽ 65,556 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് കൊവിഡ് അതിതീവ്രമായി തുടരുന്നതിനിടെയിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കും മാസ്കിനും എതിരാണ് ബൊൽസൊനാരോ. കൊവിഡിനെ ' ചെറിയ പനി ' എന്നാണ് ബൊൽസൊനാരോ മുമ്പ് വിശേഷിപ്പിച്ചത്.
ബൊൽസൊനാരോയ്ക്ക് പനി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായതായി അടുത്തിടെ ബ്രസീലിയൻ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താൻ ആശുപത്രി സന്ദർശിച്ചതായും പരിശോധന നടത്തിയെന്നും ബൊൽസൊനാരോ തന്നെ അനുയായികളോട് അറിയിക്കുകയും ചെയ്തു. തന്റെ ശ്വാസകോശം 'ക്ലീൻ ' ആണെന്നാണ് ബൊൽസൊനാരോ പറയുന്നത്. ബൊൽസൊനാരോ ആരോഗ്യവാനാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഇപ്പോഴും മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള നിയമങ്ങൾ ബൊൽസൊനാരോ ലംഘിക്കുകയാണ്. കഴിഞ്ഞാഴ്ച നിരവധി പരിപാടികളിൽ പങ്കെടുത്ത ബൊൽസൊനാരോ ബ്രസീലിലെ യു.എസ് അംബാസിഡറുമായും കൂടികാഴ്ച നടത്തിയിരുന്നു.
മാർച്ചിൽ തന്റെ ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബൊൽസൊനാരോ കൊവിഡ് പരിശോധനയ്ക്ക് വിധേയനായെങ്കിലും ഫലം നെഗറ്റീവായിരുന്നു.