മുംബയ്: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ലീല ബൻസാലിയെ മുംബയ് പൊലീസ് ചോദ്യം ചെയ്തു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ തന്റെ ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കിയതെന്തിനെന്ന് ബൻസാലി വ്യക്തമാക്കിയെന്നാണ് വിവരം. ബൻസാലിയുടെ നാല് ചിത്രങ്ങളിൽ ആദ്യം സുശാന്തിനെ നായകനായി തീരുമാനിച്ചെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു. സുശാന്തിന് സഹകരിക്കാൻ കഴിയാത്തതിന് പിന്നിൽ ഡേറ്റുകളുടെ ക്ളാഷാണെന്നാണ് ബൻസാലിയുടെ മൊഴി. ബൻസാലി ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയത് സുശാന്തിനെ കടുത്ത മാനസിക സമ്മർദ്ധത്തിലാഴ്ത്തിയിരുന്നതായി അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂൺ പതിനാലിനാണ് മുംബയിലെ വീട്ടിൽ 34കാരനായ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും റിപ്പോർട്ടുണ്ട്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരെ വലിയ ക്യാമ്പെയിൻ നടക്കുകയാണ്.