world-cup-t20

ഒക്ടോബറിൽ ഐ.പി.എല്ലിന് സാദ്ധ്യത

മെൽബൺ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെൽബണിൽ ആറാഴ്ചത്തേയ്ക്ക് കൂടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഒക്ടോബർ - നവംബർ മാസങ്ങളിലായി നടത്താനിരുന്ന ഐ.സി.സി ട്വന്റി - 20 ലോകകപ്പിനുള്ള സാധ്യത മങ്ങി. ലോകകപ്പ് നടത്തുന്നതിനുള്ള അന്തിമ തീരുമാനമെടുക്കുന്നതിനായി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ഈ മാസം യോഗം ചേരുന്നുണ്ട്. ലോകകപ്പിന്റെ കാര്യം ചർച്ചചെയ്യാനായി മേയ്,ജൂൺ മാസങ്ങളിൽ ഐ.സി.സി ബോർഡ് യോഗം ചേർന്നിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല.

അതേ സമയം ട്വന്റി - 20 ലോകകപ്പ് മാറ്റി വച്ചാൽ ആ സമയത്ത് ഐ.പി.എൽ നടത്താമെന്ന കണക്കുകൂട്ടലിൽ ഇരിക്കുന്ന ബി.സി.സി.ഐയ്ക്ക് മെൽബണിലെ ലോക്ക് ഡൗൺ പ്രഖ്യാപനം ആശ്വാസമാണ്. ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി തീരുമാനം വൈകുന്നതിൽ ബി.സി.സി.ഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധതയറിയിച്ച് ന്യൂസിലൻഡ് രംഗത്തെത്തിയിരുന്നു.എന്നാൽ അവസാനചാൻസായേ വിദേശവേദിയിലേക്ക് ഐ.പി.എൽ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നത്.