തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ ഇല്ലെന്നും പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗശേഷമുള്ള ഓൺലൈൻ വാർത്താസമ്മേളനത്തിലൂടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി. 'വിവാദ വനിതയ്ക്ക്' മുഖ്യമന്ത്രിയുടെ ഓഫീസിനു ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാർസൽ വന്നത് സർക്കാരിന്റെ ഏജൻസിക്കല്ല. ഐ.ടി വകുപ്പിന്റെ പ്രോജക്ടുകളിൽ മാർക്കറ്റിംഗ് വകുപ്പിന്റെ ചുമതല മാത്രമാണുള്ളത്. കരാർ വഴിയാണ് നിയമനം. വനിതയെ ജോലിക്കെടുത്തത് പ്ളേസ്മെന്റ് ഏജൻസി വഴിയാണ്. മുൻകാല നിയമനങ്ങളൊന്നും സർക്കാർ നടത്തിയില്ല. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും നടന്നിട്ടില്ല. പൊതുസമൂഹത്തിൽ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രി വിശദീകരിച്ചു.
അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്നും കള്ളക്കടത്ത് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്ന കാര്യമല്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളം കേന്ദ്ര സർക്കാരിന് കീഴിലാണ്. ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും പദവിയിൽ നിന്നും ശിവശങ്കറിനെ മാറ്റിയിട്ടുണ്ട്. മാറ്റത്തിന്റെ അർത്ഥം നിയമപരമായ ആരോപണം ഉയർന്നു എന്നല്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.