vaccine-

ന്യൂഡല്‍ഹി : ചൈനീസ് വ്യാധിയെന്ന് അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ വിളിക്കുന്ന കൊവിഡ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഭീഷണിയായി തുടര്‍ന്നിട്ട് മാസങ്ങള്‍ പലതായി. യാഥാസമയം കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കാതെ രോഗബാധിതര്‍ക്ക് മറ്റുരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ചൈന അവസരമൊരുക്കിയതാണ് കൊവിഡ് എല്ലായിടത്തും വ്യാപിക്കുവാന്‍ കാരണമായത്. ഇതു വരെയും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ കഴിയാത്തതാണ് ഈ രോഗത്തെ മാരകമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ നിര്‍മ്മിക്കുവാനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയുടെ വാക്‌സിന്‍ നിര്‍മ്മാണം വിജയപാതയിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ഗുജറാത്തിലെ മറ്റൊരു കമ്പനിയും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍.


ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഡസ് കാഡില ഗ്രൂപ്പാണ് സികോവ്- ഡി ZyCoV-D എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. ലാബ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിതോടെ മനുഷ്യരില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് ഈ കമ്പനി. വാക്‌സിന്‍ ഘട്ടം 1, ഘട്ടം 2 ടെസ്റ്റുകള്‍ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ (ഡിജിസിഐ) അനുമതി ലഭിച്ചിട്ടുണ്ട്. ഈ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ കമ്പനിക്ക് അനുമതി ലഭിക്കും. പരീക്ഷണം വിജയകരമായാല്‍ മരുന്ന് വിപണിയില്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കുമെന്നാണ് കമ്പനിയുടെ ചെയര്‍മാന്‍ പങ്കജ് പട്ടേല്‍ പറഞ്ഞു.

ലാബ് ടെസ്റ്റുകളുടെ ഭാഗമായി മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം പ്രതീക്ഷയുളവാക്കുന്നതായിരുന്നു. വാക്‌സിന്‍ മികച്ച രോഗപ്രതിരോധം തീര്‍ക്കുന്നതായി കണ്ടെത്തി. വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികള്‍ക്ക് വൈറസ് ന്യൂട്രലൈസേഷന്‍ പരിശോധനയില്‍ വൈല്‍ഡ് ടൈപ്പ് വൈറസിനെ നിര്‍വീര്യമാക്കാന്‍ സാധിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു. രാജ്യത്തിന്റെ വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ ഉടന്‍ കയറ്റുമതി ചെയ്യില്ലെന്നും എന്നാല്‍ സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ എന്ന മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. കൊവിഡ് പൊരാട്ടത്തില്‍ ലോകത്തിന് മാതൃകയാവാന്‍ ഇന്ത്യയ്ക്ക് കഴിയുന്ന ഫലത്തിനായി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണിപ്പോള്‍.