kaya

ബർധമാൻ: ബംഗാളിലെ സീരിയൽ കൊലപാതകക്കേസുകളിലെ പ്രതി കമർ ഉസ്മാൻ സർക്കാറിന് (42) കോടതി വധശിക്ഷ വിധിച്ചു. സ്കൂൾ വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. സ്ത്രീകളെ മാനഭംഗപ്പെടുത്തിയത് ഉൾപ്പടെ എട്ട് കേസുകളിൽ കൂടി ഇനി വിധി വരാനുണ്ട്.

ചെയിൻ കില്ലർ എന്നപേരിലാണ് കമർ ഉസ്മാൻ സർക്കാർ അറിയപ്പെടുന്നത്. ഇരകളെ സൈക്കിൾ ചങ്ങല ഉപയോഗിച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയതിനാലാണ് ഇയാൾക്ക് ഈ പേര് ലഭിച്ചത്. അഞ്ച് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ അയൽജില്ലകളിലെ കോടതികളിൽ ഉൾപ്പെടെ കമർ വിചാരണ നേരിടുന്നുണ്ട്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കമറിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

മാന്യമായ വേഷം ധരിച്ച് വൈദ്യുത മീറ്റർ റീഡിംഗ് എടുക്കാനെന്ന വ്യാജേനയാണ് സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കമർ എത്തുന്നത്. മാനഭംഗപ്പെടുത്തുകയും സൈക്കിൾ ചെയിൻ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമാണ് പതിവ്. അപൂർവം ചില സ്ത്രീകൾ ഇയാളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. കൊലപാതകം നടത്തിയ വീടുകളിൽ നിന്ന് മോഷണം നടത്തുന്നതും ഇയാളുടെ പതിവാണ്. ജൂൺ അവസാനമാണ് ഇയാൾ അറസ്റ്റിലാകുന്നത്.