airport

ന്യൂഡൽഹി: ബഹുരാഷ്ട്ര കമ്പനിയായ ജി.വി.കെ.ഗ്രൂപ്പിനെതിരെ കള‌ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് കേസെടുത്തു. മുംബയ് വിമാനത്താവള നടത്തിപ്പ് ജി.വി.കെ ഗ്രൂപ്പിനാണ്. ഏകദേശം 800 കോടി രൂപയുടെ കള‌ളപ്പണ ഇടപാടാണ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് എൻഫോഴ്‌സ്‌മെന്റുമായി ബന്ധമുള‌ള അധികൃതർ വെളിവാക്കുന്നത്.

സിബിഐ ജൂൺ 27ന് ഫയൽ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് പ്രകാരമാണ് കള‌ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള‌ള 2002ലെ നിയമ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് കേസെടുത്തത്. ഗ്രൂപ്പ് ചെയർമാനായ ജി.വി.കെ. റെഡ്ഡി, മകൻ ജി.വി. സഞ്ജയ് റെഡ്ഡി മറ്റ് 11 പേരും ഉൾപ്പടെ ആകെ 13 പേർക്കെതിരെയാണ് കേസ്. കഴിഞ്ഞയാഴ്ച ജി.വി.കെ ഗ്രൂപ്പിന്റെ മുംബയിലെയും ഹൈദരാബാദിലെയും ഓഫീസുകളിൽ സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു.

വൈകാതെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ കമ്പനി അക്കൗണ്ടുകളും പണം കൈമാറ്റങ്ങളും കളളപ്പണം വെളുപ്പിച്ചതാണോ എന്ന് പരിശോധിക്കും.മുംബയ് അന്താരാഷ്ട്ര വിമാനത്താവള കമ്പനി അന്വേഷണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. അന്വേഷണത്തിൽ സഹകരണവും കമ്പനി അറിയിച്ചു. വിമാനത്താവളത്തിൽ 50.5 ശതമാനം ഓഹരി ജിവികെ ഗ്രൂപ്പിനാണ്. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 26% ഓഹരിയുണ്ട്.

ജി.വി.കെ അധികൃതരും എയർപോർട്ട് അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് വിവിധ വഴികളിലൂടെ തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് സിബിഐ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ടായിരുന്നു. 310 കോടി രൂപയാണ് ഇത്തരത്തിൽ 2017-18 കാലത്ത് എയർപോർട്ട് അതോറിറ്റിക്ക് നഷ്ടം സംഭവിച്ചത്. 2012ലും 395 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മുംബയ് വിമാനത്താവള കമ്പനിയുമായി ബന്ധമുള‌ള സ്ഥലങ്ങൾ ജി.വി.കെ.ഗ്രൂപ്പ് കുടുംബാംഗങ്ങൾക്കും, ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും കുറഞ്ഞ നിരക്കിൽ വാടകയ്ക്കും വിൽപനയായും നൽകിയതായും സിബിഐ മുൻപ് കണ്ടെത്തിയിട്ടുണ്ട്.