narendra-modi

ന്യൂഡല്‍ഹി : ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന രക്തരൂക്ഷിതമായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും യുദ്ധസമാനമായ മുന്നൊരുക്കമാണ് നടത്തിയിരുന്നത്. ഇന്ത്യന്‍ ഭാഗങ്ങളിലേക്ക് കടന്ന് കയറി ആധിപത്യം സ്ഥാപിച്ചെടുത്ത ശേഷം കുറച്ച് വിട്ടുനല്‍കുന്ന പതിവ് രീതി ലഡാക്കിലും തുടരാമെന്ന ചൈനയുടെ സ്വപ്‌നപദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. ശത്രു രാജ്യത്തെ അതിശയിപ്പിക്കുന്ന സൈനിക നീക്കങ്ങളിലൂടെയാണ് ഇന്ത്യ ഇത് സാദ്ധ്യമാക്കിയത്. സൈനികര്‍ക്ക് വീര്യം പകര്‍ന്ന് പ്രധാനമന്ത്രി നേരിട്ട് ലഡാക്കിലെത്തിയതോടെ സമാധന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ചൈന നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്ററോളം പിന്നോട്ട് ചൈനീസ് സൈന്യം നീങ്ങിയതായിട്ടാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ സൈന്യവും ഇതിന് അനുസൃതമായി പിന്നോട്ട് നീങ്ങിയിട്ടുണ്ട്. എന്നാല്‍ സൈനികരെ പിന്‍വലിക്കുന്ന കാര്യത്തില്‍ ധാരണയായെങ്കിലും ചൈനയെ അസ്വസ്ഥമാക്കുന്ന അതിര്‍ത്തിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നിന്നു ഒരിഞ്ച് പോലും പിന്നോട്ട് ഇല്ലെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 20,000 കോടി രൂപയുടെ ലഡാക്കിലെ റോഡ് പദ്ധതികള്‍ വേഗത്തിലാക്കാന്‍
പ്രതിരോധ മന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ നടക്കുന്ന റോഡ് പദ്ധതികളുടെയും പുരോഗതി വിലയിരുത്തുന്നതിനുള്ള അവലോകനത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എല്ലാ പദ്ധതികളും വേഗത്തിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ പദ്ധതികളുടെ കൂട്ടത്തില്‍ ഇന്ത്യ ചൈന അതിര്‍ത്തികളിലേക്ക് സൈനികരെയും പടക്കോപ്പുകളെയും വേഗത്തില്‍ വിന്യസിക്കുന്നതിനുള്ള റോഡുകളും ഉള്‍പ്പെടുന്നു. അതിര്‍ത്തിയിലെ റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന് അധികമായി ആയിരക്കണക്കിന് തൊഴിലാളികളെയാണ് പണി വേഗത്തില്‍ പൂര്‍ത്തീകരിക്കാനായി എത്തിച്ചിട്ടുള്ളത്. റോഡ് നിര്‍മ്മാണത്തിന് പുറമേ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി മുപ്പത് പാലങ്ങളും നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ കൂടുതല്‍ ഹെലിപ്പാഡുകള്‍ അതിര്‍ത്തി പ്രദേശത്തിനടുത്തായി നിര്‍മ്മിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.