drug

സാൻഫ്രാൻസിസ്കോ: ഒരു വർഷമായി എച്ച്ഐവി മരുന്ന് കഴിക്കാത്ത ബ്രസീലിയൻ പൗരന് രോഗം പൂർണ്ണമായും ഭേദമായി. സാധാരണ മരുന്നിന് പകരം ശക്തമായ മരുന്ന് പരീക്ഷണം നടത്തിയതിലൂടെയാണ് രോഗം മാറിയാതായി കാണപ്പെട്ടതെന്ന് കാലിഫോർണിയ സർവ്വകലാശാലയിലെ എയിഡ്സ് വിദഗ്ധ ഡോ.മോണിക്ക ഗാന്ധി പറഞ്ഞു. ഇത് വളരെ പ്രചോദനകരമായ കണ്ടെത്തലാണെന്നും ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഇത് ഒരാൾക്ക് മാത്രം സംഭവിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇത് രോഗം ഭേദമായതല്ലെന്നും കൂടുതൽ പഠനം ആവശ്യമായ കാര്യമാണെന്നും മറ്റൊരു വിദഗ്ധനായ ഡോ. സ്റ്റീഫൻ ഡീക്‌സ് പറഞ്ഞു. രോഗം മാറിയതായി സ്ഥിരീകരിച്ചാൽ മജ്ജ മാറ്റിവയ്ക്കൽ പോലെയുള‌ള ചികിത്സ കൂടാതെ മുതിർന്നവരിൽ രോഗം മാറുന്ന ആദ്യ സംഭവമാകും ഇത്.

മൂന്നോളം മരുന്നുകൾ ചേർത്താണ് ബ്രസീൽ പൗരൻ ഏറെ നാളായി കഴിച്ചിരുന്നത്. 2015 മുതൽ രണ്ട് മരുന്നുകൾ കൂടി ചേർത്തു.ഒരു വ‌‌ർഷത്തിന് ശേഷം രണ്ട് മരുന്നുകൾ നിർത്തി. തുടർന്ന് 2019 മാർച്ചോടെ മുഴുവൻ മരുന്നുകളും നിർത്തി. തുടർന്ന് നടത്തിയ രക്തസാമ്പിളുകളുടെയും കോശങ്ങളുടെയും പരിശോധനയിൽ രോഗം കണ്ടെത്താനായില്ല. ഇയാൾക്കൊപ്പം ഇതേ പരീക്ഷണം നടത്തിയ മറ്റ് നാല് പേരിലോ ആകെ പരീക്ഷണം നടത്തിയ മുപ്പത് പേരിലോ രോഗം മാറിയിട്ടില്ല.