ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ മറുപടിയില്ലാത്ത ഒരുഗോളിന് എവർട്ടണിനെ കീഴടക്കി. എവർട്ടൺ താരം മൈക്കേൽ കേനിന്റെ സെൽഫ് ഗോളാണ് ടോട്ടനത്തിന് വിജയമൊരുക്കിയത്. ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുമായി ടോട്ടനം എട്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 44 പോയിന്റുമായി എവർട്ടൺ പതിനൊന്നാമതാണ്.
മത്സരത്തിനിടെ ടോട്ടൻഹാമിന്റെ നായകൻ ഹ്യൂഗോ ലോറിസും സഹതാരം സൺ ഹ്യൂ മിന്നും തമ്മിൽ ഉടക്കി. ആദ്യപകുതിക്കിടെ സൺ അലസത കാണിച്ചതാണ് ലോറിസിനെ ചൊടിപ്പിച്ചത്. ആദ്യ പകുതി കഴിഞ്ഞ് താരങ്ങൾ ഇടവേളയ്ക്ക് മടങ്ങുമ്പോൾ ലോറിസ് സണ്ണിന്റെ പിന്നിൽ നിന്ന് ഓടിവന്ന് പലതും വിളിച്ചുപറയുന്നുണ്ടായിരുന്നു. സണ്ണിനെ ലോറിസ് പിറകിൽ നിന്ന് തള്ളുകയും ചെയ്തു. ഇതിനിടെ ജിയോവാനി ലൊ സെൽസോ, ഹാരി വിംഗ്സ്, മൗസ സിസോക്കോ എന്നിവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ ഇടവേള കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങാനിരിക്കെ ടണലിൽ ഇരുവരും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്തു. മത്സരശേഷവും ഇരുവരും കെട്ടിപ്പിടിച്ച് പരസ്പരം അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്.