covid-

തിരുവനന്തപുരം : സമൂഹവ്യാപന ഭീതി ഉയര്‍ത്തി കൊവിഡ് തലസ്ഥാന ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതലിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ടിടങ്ങള്‍ കൂടി കണ്ടയ്ന്‍മെന്റ് സോണുകളാക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കി. തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ പാറശാലയിലാണ് പുതിയ രണ്ട് കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചിട്ടുള്ളത്. പാറശ്ശാല പഞ്ചായത്തിലെ നെടുവന്‍വിള (വാര്‍ഡ് പത്ത് ), ടൗണ്‍ വാര്‍ഡ് (വാര്‍ഡ് പതിനാല് ) എന്നിവയാണ് പുതിയ കണ്ടയ്ന്‍മെന്റ് സോണുകള്‍.

ഇന്ന് സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 54 പേരും തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. ഇതില്‍ നാല്‍പ്പത്തിയേഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇന്ന് ജില്ലയില്‍ പുതുതായി 823 പേരാണ് രോഗനിരീക്ഷണത്തിലായത്. ഇന്ന് രോഗലക്ഷണങ്ങളുമായി 73 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍ ആകെ 18,798 പേര്‍ വീടുകളിലും 2,057 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ പേര്‌ നിരീക്ഷണത്തിലുണ്ട്.