ഓഹിയോ : ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച സയാമീസ് ഇരട്ടകളായ റോണിയും ഡോണിയും വിടവാങ്ങി. ജൂലായ് 4ന് 68ാം വയസിൽ സ്വദേശമായ ഓഹിയോയിലെ ഡെയ്റ്റണിലായിരുന്നു അന്ത്യം. 1951 ഒക്ടോബർ 28ന് ജനിച്ച നാൾ മുതൽ ഇരുവരും മുഖത്തോട് മുഖം നോക്കിയാണ് ജീവിക്കുന്നത്. എലീൻ - വെസ്‌ലി ഗെയ്‌ലോൺ ദമ്പതികളുടെ മക്കളാണ് ഇവർ.
ജനന സമയം ഇരുവർക്കും യാതൊരു ആരോഗ്യപ്രശ്നവുമില്ലായിരുന്നെങ്കിലും രണ്ട് വർഷമാണ് ഇവർക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. ഇവരെ വേർപിരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഡോക്ടർമാർക്ക് കഴിഞ്ഞില്ല. രണ്ടു പേരെ വേർപെടുത്തിയാൽ ഒരാളുടെ ജീവൻ നഷ്ടമാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. റോണിയുടെയും ഡോണിയുടെയും മാതാപിതാക്കൾ ഇതിനനുവദിച്ചില്ല.
ഒമ്പത് മക്കൾ അടങ്ങുന്നതായിരുന്നു എലീൻ - വെസ്‌ലി ഗെയ്‌ലോൺ ദമ്പതികളുടെ കുടുംബം. മക്കളെ വളർത്താനുള്ള വരുമാന മാർഗം ഇല്ലാതായതോടെ മനസില്ലാ മനസോടെയാണെങ്കിലും റോണിയെയും ഡോണിയെയും കാർണിവലുകളിൽ പങ്കെടുപ്പിച്ച് വരുമാനമാർഗം കണ്ടെത്താൻ പിതാവ് വെസ്‌ലി തീരുമാനിക്കുകയായിരുന്നു. അന്ന് ഇരുവർക്കും പ്രായം വെറും മൂന്ന്. ! അങ്ങനെ വാർഡ് ഹാൾ എന്ന കാർണിവൽ സംഘാടകനൊപ്പം അമേരിക്കയിലും കാനഡയിലും സഞ്ചരിച്ച് കാർണിവലുകളിലെ ആകർഷണ കേന്ദ്രമായി മാറിയ ഇവർ ' ഗെയ്‌ലോൺ സയാമീസ് ട്വിൻസ് ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ചെറുപ്പത്തിൽ തന്നെ ഇരുവരെയും അമ്മ ഉപേക്ഷിച്ചതായും പിന്നീട് അച്ഛനും രണ്ടാനമ്മയും ചേർന്നാണ് വളർത്തിയതെന്നും പറയപ്പെടുന്നു. 1991ലാണ് റോണിയും ഡോണിയും കാർണിവലുകളിൽ നിന്നും വിരമിച്ചത്. ഗെയ്‌ലോൺ കുടുംബത്തിന്റെ ആകെ വരുമാനം ഇരുവരും കാർണിവലുകളിൽ നിന്നും നേടിയ സമ്പാദ്യം മാത്രമായിരുന്നു.
29 മാസമുള്ളപ്പോഴാണ് ഇരുവരും നടക്കാൻ പഠിച്ചത്. മറ്റു കുട്ടികൾക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് റോണിയ്ക്കും ഡോണിയ്ക്കും പ്രവേശനം നൽകാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചു.
1970 കളിൽ അമേരിക്കയിൽ കാർണിവലുകളും ഫ്രീക്ക് ഷോകളും നിരോധിച്ചതോടെ ഇരുവരും സൗത്ത് അമേരിക്കൻ സർക്കസിലേക്ക് കളം മാറ്റി. ഇരുവരും വിവാഹിതരല്ല. പാചകവും വീട് വൃത്തിയാക്കലും തുണികഴുകലുമൊക്കെ ഇവർ തന്നെയാണ് മാറിമാറി ചെയ്തിരുന്നത്. ഒരൊറ്റ പാസ്പോർട്ടിലായിരുന്നു ഇരുവരുടെയും യാത്ര.
2009ൽ അണുബാധയുടെ ഫലമായി റോണിയുടെ ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. ഡോണിയ്ക്കും ഇതോടെ അസുഖം ബാധിച്ചു. ഇരുവരുടെയും ആരോഗ്യനില മോശമായി. ആർത്രൈറ്റിസും ഇരുവരെയും പിടികൂടി. രോഗം ഭേദമായി ആശുപത്രിവിട്ടതിന് ശേഷം ഇളയ സഹോദരൻ ജിമ്മിന്റെ പരിചരണത്തിലായിരുന്നു ഇരുവരും. റോണിയ്ക്കും ഡോണിയ്ക്കും 11 വയസുള്ളപ്പോഴാണ് ജിം ജനിച്ചത്.
2014ലാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച സയാമീസ് ഇരട്ടകൾ എന്ന ഗിന്നസ് റെക്കോർഡിന് ഇരുവരും അർഹരായത്. 1811ൽ തായ്‌ലൻഡിൽ ജനിച്ച ചാംഗ്, ഏംഗ് ബങ്കർ എന്നീ ചൈനീസ് സഹോദരന്മാർക്കായിരുന്നു ഇതിനു മുമ്പ് ഈ റെക്കോർഡ്. 62 വയസുവരെയാണ് ഇവർ ജീവിച്ചിരുന്നത്.